പത്തനംതിട്ട: കോവിഡ് പ്രതിരോ ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രോഗ ബാധിതർ, നിരീക്ഷണത്തിലുള്ളവർ എന്നിവരുടെ വീടുകളിലെ പക്ഷിമൃഗാദികളുടെ വിവരം ശേഖരിച്ച് ജില്ലാ മൃഗസംരക്ഷണവകുപ്പ്.
കോവിഡ്ബാധ മനുഷ്യരിൽ നിന്നു മൃഗങ്ങളിലേക്കു ബാധിക്കാതിരിക്കാൻ പക്ഷിമൃഗാദികളുടെ പരിചരണത്തിൽ പാലിക്കേണ്ട കരുതൽനടപടികൾ അതതു മൃഗാശുപത്രികളിൽ നിന്നു ഉടമകൾക്കു നൽകും.
അവയുടെ ആരോഗ്യവിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ പരിശോധന സാന്പിളുകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും അതതു മൃഗാശുപത്രികളിൽ വഴി ലഭ്യമാകും.
കഴിഞ്ഞദിവസം കോവിഡ് 19 സ്ഥിരീകരിച്ച ഇടപ്പാവൂർ സ്വദേശിയുടെ വീട്ടിലെ വളർത്തുനായ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. നായ പൂർണആരോഗ്യവാനാണ്. ഈ പശ്ചാത്തലത്തിലാണു മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയത്.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ 427 വീടുകളിലെ പക്ഷിമൃഗാദികളാണു നിരീക്ഷണത്തിലുള്ളത്. 299 വളർത്തുനായകൾ, 48 വളർത്തു പൂച്ചകൾ, 176 കന്നുകാലികൾ, 56 കറവപശുക്കൾ, 123 ആടുകൾ, 2305 കോഴി, താറാവുകൾ എന്നിവയാണു നിരീക്ഷണത്തിലുള്ളത്.
അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ വെറ്ററിനറി ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. എല്ലാ മൃഗാശുപത്രികളിലും അടിയന്തര ചികിത്സ ലഭ്യമാണ്. ബ്ലോക്ക് അടിസ്ഥാനത്തിൽ ലഭ്യമായ രാത്രികാല അടിയന്തര മൃഗചികിത്സാസേവനപദ്ധതിയും തുടർന്നു വരുന്നു.
പ്രത്യേക രോഗലക്ഷണങ്ങൾക്കു നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി ജില്ലാ ക്ലിനിക്കൽ ലാബ് പത്തനംതിട്ട, തിരുവല്ല മഞ്ഞാടിയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലാബ്, തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് എന്നിവ മുഖേന സാന്പിളുകളുടെ പരിശോധന, പോസ്റ്റ്മോർട്ടം എന്നിവയും ലഭ്യമാണ്.
കൊറോണകാല നിരീക്ഷണത്തിനും നിർദേശങ്ങൾക്കുമായി കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വിശദമായ വിവരങ്ങൾക്കും സംശയങ്ങൾക്കും ഈ നന്പരുകളിൽ ബന്ധപ്പെടാം. മൃഗസംരക്ഷണ വകുപ്പ് 9447391371, 9446560650, ക്ഷീരവികസന വകുപ്പ് 9446500490, 9496694944, മിൽമ 9446414418.