കുമളി: നാട്ടിൽ ഇപ്പോൾ മൊട്ടത്തലയൻമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയായി. ദിനംപ്രതി മൊട്ടത്തലകളുടെ എണ്ണം ഏറുകയാണ്. പ്രശ്നക്കാരൻ കോവിഡെന്ന ഭീകരനാണ്.
സാധാരണപോലെ മുടി വെട്ടിച്ചിരുന്നവർപോലും മുടി പറ്റെ വെട്ടുകയോ തല മുണ്ഡനം ചെയ്യുകയോ ആണ്. അടച്ച ബാർബർ ഷോപ്പുകൾ എന്നു തുറക്കുമെന്ന് ഒരു ഉറപ്പും ഇക്കൂട്ടർക്കില്ലാത്തതിനാൽ മുൻകരുതലായാണ് തലയുടെ ഭാവം മാറ്റുന്നത്.
കോവിഡിനെ ഭയന്ന് ബാർബർ ഷോപ്പുകളെല്ലാം അടച്ചതാണ് പുരുഷന്മാരെ ചുറ്റിക്കുന്നത്. താടിയും മുടിയും നീണ്ടവർ സുഹൃത്തുക്കളുടെ സഹായത്തോടെ ഡ്രിമ്മർ ഉപയോഗിച്ച് കാര്യം സാധിക്കുകയാണിപ്പോൾ ചെയ്യുന്നത്. ചിലർക്ക് കത്രികയും ഷേവിംഗ് സെറ്റുമാണ് ആശ്രയം. ഭാര്യമാരും മക്കളും ബാർബർമാരാകുന്ന കാഴ്ചയുമുണ്ട്.
ബാർബർ ജോലി ഇത്രകണ്ട് അവശ്യഘടകമായി മാറിയതിലുള്ള സന്തോഷത്തിലാണ് ബാർബർ ജോലിക്കാരെങ്കിലും അന്നം തന്നിരുന്ന ജോലി മുടങ്ങിയതിൽ അവർ വിഷമത്തിലാണ്. കടയുടെ വാടക, വൈദ്യുതി ചാർജ് ഇനത്തിൽ നല്ലൊരു തുക ബാധ്യതയാകുമെന്ന ആശങ്കയും ഇവർക്കുണ്ട്.