മൂലമറ്റം: നീട്ടിവളർത്തിയ ജഡപിടിച്ച മുടിയുമായി നാട്ടുകാർക്ക് കൗതുകമായിരുന്ന നാടുകാണി കൊലുന്പൻ രാഘവൻ യാത്രയായി. തലയിൽ തലപ്പാവുപോലെ വട്ടത്തിൽ ചുറ്റിക്കെട്ടിയ മുടിയുമായി കുളമാവ് നാടുകാണി മേഖലകളിൽ നിത്യസാന്നിധ്യമായിരുന്നു കൊലുന്പൻ രാഘവൻ.
ആദിവാസികളുടെ പരന്പരാഗത രീതിയിലായിരുന്നു നാടുകാണി പുത്തടം ഉൗരിലെ തൊട്ടിയിൽ കൊലുന്പൻ രാഘവന്റെ ജീവിതം. ഇടുക്കി ഡാം നിർമിക്കാനായി സ്ഥലം കാട്ടിക്കൊടുത്ത കൊലുന്പന്റെ പിൻമുറക്കാരനാണ് രാഘവൻ.
അതിനാലാണ് കൊലുന്പൻ രാഘവനെന്നറിയപ്പെട്ടത്. 25 വർഷമായി രാഘവൻ മുടിവെട്ടിയിട്ട്. മുടി ജഡ പിടിച്ചതിനാൽ അവ തലയിൽ ചുറ്റികെട്ടി തൊപ്പിപോലെ വച്ചാണ് ജീവിച്ചത്.
മൂലമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിരിക്കുന്ന ഭാഗം നേരത്തെ ആദിവാസി കുടിയായിരുന്നു. അവിടെയായിരുന്നു നേരത്തെ രാഘവന്റെ കുടുംബക്കാർ താമസിച്ചിരുന്നത്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോൾ ഇവർ നാടുകാണി പുത്തടം എന്ന സ്ഥലത്തേക്ക് മാറി താമസിക്കേണ്ടി വന്നു.
എട്ടടിയോളം നീളത്തിലുള്ള ജഡപിടിച്ച മുടിയാണ് രാഘവനെ വ്യത്യസ്തനാകുന്നത്. മുടി തലപ്പാവുപോലെ ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളിൽ തോർത്തു കെട്ടിയായിരുന്നു നടപ്പ്.
അവിവാഹിതനായ രാഘവന് 76 വയസായിരുന്നു. സർക്കാർ നൽകുന്ന ക്ഷേമപെൻഷനും സൗജന്യ അരിയുമായിരുന്നു ജീവിത മാർഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തു പുറത്തിറങ്ങിയ രാഘവന്റെ ചിത്രം ശ്രദ്ധനേടിയിരുന്നു. സംസ്കാരം നടത്തി.