റോം: ചരിത്രത്തിലാദ്യമായി ആളും ആരവവും ഒഴിഞ്ഞു വത്തിക്കാൻ… ലളിതമായചടങ്ങുകൾ.. ശൂന്യമായ സെൻ പീറ്റേഴ്സ് ബസിലിക്ക… കൊളോസിയത്തിൽ പതിവായി നടത്തിയിരുന്ന കുരിശിന്റെ വഴി ഇത്തവണ വത്തിക്കാൻ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സെൻ പീറ്റേഴ്സ് ചത്വരത്തിൽ ലളിതവും ഭക്തിനിർഭരവും ആയി മാർപാപ്പയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ഇറ്റലിയിൽ ശൈത്യകാലം കഴിഞ്ഞ് വസന്തകാലം തുടങ്ങി. മുൻവർഷങ്ങളിൽ സഞ്ചാരികൾ നിറഞ്ഞൊഴുകുന്ന റോമൻ തെരുവീഥികൾ നിശബ്ദതയിൽ ആണ്ടു കിടക്കുന്നു.
അപൂർവ്വമായ ഒരു ഈസ്റ്റർ കൂടിയാണ് കടന്നുപോകുന്നത്. അതേസമയം, രാജ്യത്ത് മെയ് മൂന്നു വരെ ലോക്ക്ഡൗൺ നീട്ടിയതായി ഇറ്റാലിയൻ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ അറിയിച്ചു. എല്ലാ നിയന്ത്രണങ്ങളും കർശന ഉപാധികളോടെ വീണ്ടും തുടരും.
25 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് ഇറ്റാലിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റിക്കവറി ബോണ്ട് വേണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി യൂറോപ്പ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇയുവിലെ വൻശക്തികളായ ഫ്രാൻസും ജർമനിയും ഇപ്പോൾ നിലവിലുള്ള യൂറോപ്യൻ സ്റ്റെബിലിറ്റി മെക്കാനിസം ആണ് മുന്നോട്ടു വയ്ക്കുന്നത്.
ജോളി അഗസ്റ്റിൻ