ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: കോവിഡ്-19 ബാധിച്ചു വീണ്ടും മലയാളി മരണം. കൂത്താട്ടുകുളം സ്വദേശി മോളെപറമ്പിൽ സിബി മാണി(53)യാണ് ദുഃഖവെള്ളിയാഴ്ച യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മരിച്ചത് .
കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണു സിബിയെ ഡെർബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ അനുവും പതിമൂന്നും അഞ്ചും വയസുള്ള രണ്ട് ആൺ മക്കളും വീട്ടിൽ ഐസൊലേഷനിലാണ്.
ഇതോടെ യുകെയിൽ കൊറോണ മൂലം അഞ്ചു മലയാളികൾ മരിച്ചു. അയർലൻഡിലും ഒരു മലയാളി നഴ്സിനു മരണം സംഭവിച്ചിരുന്നു.
ഇന്നു വെസ്റ്റേൺ സൂപ്പർ മേയറിൽ താമസിക്കുന്ന മലയാളി യുവതിയുടെ ഭർത്താവ് ഗോവൻ സ്വദേശിയായ അമർ ഡയസ് (54) കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. കോഴിക്കോട് മുക്കം സ്വദേശിനിയായ മിനിയാണ് ഭാര്യ. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
വെസ്റ്റേൺ സൂപ്പർ മേയറിലെ മലയാളി പരിപാടികളിൽ ഒക്കെ സജീവ സാന്നിധ്യവും മതബോധന അധ്യാപകനുമായിരുന്നു മരിച്ച അമർ.