തൊടുപുഴ: കോവിഡ്-19 നിരീക്ഷണത്തിലിരുന്നയാളെ അറസ്റ്റ് ചെയ്തതും മറ്റൊരു പ്രതിയോടൊപ്പം ഇയാളെ കോടതിയിൽ ഹാജരാക്കിയതും എക്സൈസിനു പുലിവാലായി. പൂമാല സ്വദേശി രാജേഷിനെയാണ് എക്സൈസ് സംഘം കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽനിന്ന് 600 മില്ലി ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തത്.
ഇയാൾ കൊറോണ നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. ഭക്ഷണം ഉൾപ്പെടെ വെള്ളിയാമറ്റം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽനിന്നുമാണ് ആരോഗ്യപ്രവർത്തകർ എത്തിച്ചു നൽകിയിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ, നിരീക്ഷണത്തി ലായിരുന്നയാളെ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കാതെ അറസ്റ്റ് ചെയ്തതു വിവാദത്തിനു കാരണമായി.
തങ്ങളോട് ആലോചിക്കാതെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ജനപ്രതിനിധികൾ സംഭവത്തിൽ ഇടപെട്ടതോടെയാണു സംഭവത്തിന്റെ ഗൗരവം എക്സൈസ് സംഘത്തിനും ബോധ്യമായത്.
ഇതോടെ പ്രശ്നത്തിൽനിന്നു എങ്ങനെയും തലയൂരാനുള്ള ശ്രമത്തിലായി എക്സൈസ്. ഉന്നതതലത്തിൽ കൂടിയാലോചന നടത്തിയ ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കോടതിയിലേക്കു കൊണ്ടുവന്നത് മറ്റൊരു പ്രതിയുടെ ഒപ്പമായിരുന്നു.
അതിനാൽ ഇയാളുടെകൂടെ കൊണ്ടുവന്ന പ്രതിയെയും പിന്നീടു നിരീക്ഷണത്തിലാക്കേണ്ടി വന്നു. രാജേഷ് നിരീക്ഷണത്തിലായിരുന്നുവെന്ന് അറിയാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് എക്സൈസ് സംഘം നൽകുന്ന വിശദീകരണം.
എന്നാൽ, വീട്ടിൽ എത്തിയപ്പോൾത്തന്നെ താൻ നിരീക്ഷണത്തിലുള്ള ആളാണെന്നു പറഞ്ഞിരുന്നതായാണ് പ്രതിയുടെ അവകാശവാദം. ഒടുവിൽ നിരീക്ഷണ സംവിധാനം നിലവിലുള്ള ആലുവ സബ് ജയിലേക്കു രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.