തൃശൂർ: കോവിഡ് മൂലം കണികാണാൻ ഭക്തർ എത്തില്ലെങ്കിലും കണ്ണന്റെ ഗജവീരന്മാർക്ക് ഈ വിഷു മോശമാകില്ല. ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിലുള്ള 48 ആനകൾക്ക് ഇത്തവണ വിഷു മധുരമൂറുന്നതാകും.
വിഷുസദ്യയായി പഴുത്ത തേൻവരിക്കച്ചക്കയാണ് എത്തുന്നത്. ഓരോ ആനയ്ക്കും രണ്ടു ചക്ക. കേച്ചേരിക്കടുത്ത കുറുമാലിലെ ആയുർജാക്ക് ഫാമിൽനിന്നാണ് നാളെ രാവിലെ നൂറിലേറെ ചക്ക ആനക്കോട്ടയിലെത്തുക.
ആയുർജാക്ക് ഫാം ഉടമയായ ജൈവകർഷകൻ വർഗീസ് തരകനാണ് ഇത്രയും ആനകൾക്ക് മധുരമൂറുന്ന വിഷുക്കൈനീട്ടം സമ്മാനിക്കുന്നത്. ആനകൾക്കു പഴുത്ത ചക്ക വാഗ്ദാനം ചെയ്തപ്പോൾ ദേവസ്വം അധികൃതർക്കു സന്തോഷം. ലോക് ഡൗണ്‍ ആണെങ്കിലും ആനകൾക്കു ചക്ക എത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തി.
ആനകൾക്കു പ്രിയങ്കരമായ പഴുത്ത ചക്ക രാവിലെ പത്തരയോടെ ആനക്കോട്ടയിലെത്തിക്കും. ചക്ക സ്വീകരിച്ച് ആനകളെ ഉൗട്ടാൻ ദേവസ്വം ബോർഡ് അധ്യക്ഷൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അടക്കമുള്ളവർ എത്തും.