
കോഴിക്കോട്: കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത് കോഴിക്കോടിന്റെ ഹൃദയമിടിപ്പറിഞ്ഞ ഡോക്ടറായിരുന്നു ലളിത. കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ആലപ്പുഴയിലെ തമിഴ് കുടുംബത്തിലാണ് ഡോക്ടര്‍ ലളിതയുടെ ജനനം. ചേര്‍ത്തലയില്‍ നിന്ന് 1978 ല്‍ കോഴിക്കോട്ടെത്തി.
കോഴിക്കോടിന്റെ സ്പന്ദനമറിഞ്ഞ ഡോക്ടര്‍ പിന്നീടൊരിക്കലും നഗരം വിട്ടില്ല. വൈദ്യപഠനം കഴിഞ്ഞ് ജോലിക്കായി തിരുവനന്തപുരം ഗവ.
മെഡിക്കല്‍ കോളജില്‍ അധ്യാപികയാകാന്‍ തീരുമാനിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗവിദഗ്ധനും സൂപ്രണ്ടുമായിരുന്ന ഡോ. എന്‍ .എം. മത്തായിയാണ് സ്വന്തമായി ആശുപത്രി തുടങ്ങാന്‍ നിർദേശിച്ചത്. ആ വാക്കുകളാണ് പിന്നീട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ചെയര്‍പേഴ്സണ്‍ എന്ന നിലയിലേക്ക് ലളിതയെ വളര്‍ത്തിയത്.
ഭര്‍ത്താവ് ഡോ. വി.എന്‍. മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസി. പ്രഫസറായി നിയമനം കിട്ടിയപ്പോള്‍ മോനിയുടെ ജ്യേഷ്ഠസഹോദരനും ജലസേചനവകുപ്പില്‍ ചീഫ് എന്‍ജിനിയറുമായ വി.എന്‍. ഗണേശന് നല്കിയ 900 രൂപയുമായിട്ടാണ് ലളിതയും മണിയും കോഴിക്കോട്ടേക്ക് വണ്ടി കയറിയത്.
നഗരത്തിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു തുടക്കം. അക്കാലത്തെ പ്രഗല്ഭനായ സൈക്ക്യാട്രിസ്റ്റ് ഡോ. അബ്ദുറഹ്മാന് നടക്കാവില്‍ ഒരു ആശുപത്രി പുതുതായി ആരംഭിക്കുവെന്നും നടത്തിപ്പുചുമതല വഹിക്കണമെന്നും ലാഭവിഹിതം തന്നാല്‍മാത്രം മതിയെന്നും ലളിതയോട് ആവശ്യപ്പെട്ടു.
അങ്ങനെ 16 നഴ്സുമാരുമായി ഡോ. ലളിതയുടെ നേതൃത്വത്തില്‍ നടക്കാവില്‍ ആശുപത്രി തുടങ്ങി. പിന്നീടാണ് എരഞ്ഞിപ്പാലത്ത് പുതിയ ആശുപത്രി പണിയാന്‍ ഡോ. ലളിത തീരുമാനിച്ചത്.
പത്തുവര്‍ഷത്തിനുശേഷം എരഞ്ഞിപ്പാലത്തേയ്ക്ക് തട്ടകം മാറ്റി. പിന്നീടത് മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ന്യൂറോളജി സെന്ററായി വളര്‍ന്നു. നാലുപതിറ്റാണ്ടിലേറെ ആശുപത്രിയുടെ സാരഥ്യത്തില്‍ തുടര്‍ന്നശേഷമാണ് അവര്‍ പദവികള്‍ ഒഴിഞ്ഞത്.
കാൻസറിനെ നേരിട്ടത് പുഞ്ചിരിയോടെ
ആത്മവിശ്വാസം പ്രതിരോധമാക്കി അര്‍ബുദത്തെ നേരിട്ട കോഴിക്കോടുകാരുടെ ഡോക്ടറമ്മ യാത്രയായത് അതിജീവനത്തിന്റെ നാളുകളില്‍. ഒമ്പതുവര്‍ഷം മുമ്പ് അതിഥിയായെത്തി പിന്നീട് കൂടെ കൂടിയ അര്‍ബുദത്തെ മനക്കരുത്തുകൊണ്ടായിരുന്നു ഡോക്ടര്‍ നേരിട്ടത്.
സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോക്ടറെ ചികിത്സിച്ച മറ്റു ഡോക്ടര്‍മാര്‍ രണ്ടുവര്‍ഷം മാത്രമേ ആയുസുള്ളൂവെന്നായിരുന്നു വിധിയെഴുതിയത്.
ആറാഴ്ചയ്ക്കുള്ളില്‍ അഞ്ചുതവണ വയറില്‍ ശസ്ത്രക്രിയ നടത്തിയതോടെ ആരോഗ്യനില മോശമായി. ഇനിയും ശസ്ത്രക്രിയ നടത്തിയാല്‍ തുന്നല്‍ പ്രയാസമാണെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചത്.
എന്നാല്‍ കടമകളും സേവനവും ഇനിയും ബാക്കിയാണെന്നും എല്ലാത്തിനെയും അതിജയിക്കാനാവുമെന്നനിക്ക് വിശ്വാസമുണ്ടെന്നും ഡോക്ടര്‍ ലളിത വ്യക്തമാക്കി.
ഈ വാക്കുകളുടെ ഉറപ്പിലാണ് ഡോക്ടര്‍മാര്‍ വീണ്ടും ശസ്ത്രക്രിയ ഉള്‍പ്പെടെ ചികിത്സകള്‍ നടത്തിയതും ആരോഗ്യ നില വീണ്ടെടുത്തതും. നിശ്ചയദാര്‍ഢ്യം അര്‍ബുദത്തിന്റെ വീര്യം കുറച്ചു. ഇതോടെ ഡോക്ടര്‍ പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തി.
മാസങ്ങള്‍ക്കപ്പുറം ഡോക്ടര്‍ രോഗികളെ ശുശ്രൂഷിക്കാനായി സ്റ്റതസ്കോപ്പണിഞ്ഞു. ഡോക്ടര്‍മാരായ ഭര്‍ത്താവിന്റെയും മകളുടെയും വിലക്കുകള്‍ മറികടന്നായിരുന്നു ഇത്.
രോഗമുള്ളപ്പോഴും ഡോക്ടറുടെ മുഖമുദ്ര പുഞ്ചിരി തൂകിയ മുഖമായിരുന്നു. മറ്റുള്ളവര്‍ക്ക് ആ പുഞ്ചിരി ഏറെ ആശ്വാസം പകരുന്നതായിരുന്നു.
ഏതുരോഗിക്കും മരുന്നിനെക്കാള്‍ ആദ്യംവേണ്ടത് മനക്കരുത്താണെന്നതായിരുന്നു അവരുടെ ആപ്തവാക്യം. അതിനാല്‍തന്നെ രോഗികളെ മാനസികമായി പാകപ്പെടുത്താനും രോഗാവസ്ഥയെ ധൈര്യപൂര്‍വം നേരിടാനുമുള്ള മാര്‍ഗങ്ങളും ഉപദേശിക്കുക പതിവായിരുന്നു.