മലപ്പുറം: കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ മലപ്പുറം പോലീസ് ഇനി സ്നേഹപൂർവം അരികിലേക്ക് വിളിക്കും. വിവരങ്ങൾ അന്വേഷിച്ച ശേഷം തൊട്ടടുത്തുള്ള വലിയ സ്ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോകും.
തുടർന്നു കോവിഡ് 19 എന്ന ലോക ഭീഷണിയെന്താണെന്നു വെളിവാക്കുന്ന വീഡിയോകൾ കാണിച്ചുകൊടുക്കും. വിഷയത്തിന്റെ ഗൗരവം പൂർണമായും മനസിലാക്കിക്കഴിയുന്പോൾ പിഴയൊടുക്കി രസീതും കൈപ്പറ്റി വീട്ടിലേക്കു മടങ്ങാം.
ലോക്ക് ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ഇല്ലാതാക്കുന്നതിനായാണ് പോലീസിന്റെ വ്യത്യസ്തമായ ഈ പദ്ധതി. മലപ്പുറം കുന്നുമ്മലിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിന്റെ നിർദേശ പ്രകാരം മലപ്പുറം സിഐ എ. പ്രേംജിത്, എസ്ഐ സംഗീത് പുനത്തിൽ എന്നിവർ ചേർന്നാണ് വീഡിയോ തയാറാക്കിയത്.
മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവർക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാനാണ് വീഡിയോ പ്രദർശനത്തിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.