കോവിഡ് നിരവധി ജീവിതങ്ങളാണ് മാറ്റിമറിച്ചത്. പലരുടെയും ഭാവി തന്നെ മാറിപ്പോയി. പല വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടു.
ഇത്തരത്തില്‍ മാറ്റിവയ്ക്കപ്പെട്ട ഒരു വിവാഹത്തിലെ നായകനും നായികയുമാണ് ഇപ്പോള്‍ ആളുകളുടെ പ്രശംസയ്ക്ക് പാത്രമായിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച വിവാഹ മുഹൂര്‍ത്തത്തില്‍ വധു ഒ.പിയിലെ തിരക്കില്‍ മുഴുകിയിരിക്കുകയായിരുന്നു പോലീസുകാരനായ വരനാവട്ടെ തിരുവനന്തപുരത്ത് ട്രാഫിക്കിലും. ഡോ.ആര്യയുടെയും പ്രസാദിന്റെയും പ്രവൃത്തി ഏവര്‍ക്കും മാതൃകയാവുകയാണ്.
വിവാഹ മുഹൂര്‍ത്ത സമയത്ത് പ്രസാദിന്റെ ഫോണില്‍ നിന്ന് ഡോക്ടറുടെ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ എത്തി. നമ്മുടെ തീരുമാനമാണ് ശരി പ്രസാദ് പറഞ്ഞപ്പോള്‍ അതെ, അതുമാത്രമാണ് ശരി എന്നും യുവഡോക്ടര്‍ ആര്യ പ്രതികരിച്ചു. ഏതാനും നിമിഷത്തെ സ്വകാര്യ സംഭാഷണം.വീണ്ടും ജോലിത്തിരക്കിലേക്ക്. ഈ രീതിയിലേയ്ക്ക് ഒരു തലമുറ മാറി മാതൃകയാവുകയാണ്.
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിതുര സ്വദേശി എം.പ്രസാദും കന്യാകുളങ്ങര ഗവണ്‍മെന്റ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പോത്തന്‍കോട് സ്വദേശിനി പി.ആര്യയും തമ്മിലുള്ള വിവാഹം ഈ മാസം അഞ്ചിന് പോത്തന്‍കോട് എം.ടി ഹാളില്‍ നടക്കേണ്ടതായിരുന്നു.എല്ലാ ഒരുക്കങ്ങളും നടത്തി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ 50 പേരിലൊതുക്കി വിവാഹം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. പക്ഷേ, അവധിയെടുത്ത് വിവാഹത്തിനില്ലെന്ന് ആര്യ.
പൊലീസിന് പിടിപ്പത് ജോലിയുള്ളപ്പോള്‍ മാറിനില്‍ക്കാനാവില്ലെന്ന് പ്രസാദ്. ഒടുവില്‍ യുവതുര്‍ക്കുകളുടെ പ്രഖ്യാപനത്തിന് ഒപ്പം വീട്ടുകാരും.
വാഹന പരിശോധനയും നിരാലംബര്‍ക്ക് ഭക്ഷണ വിതരണവുമായി പ്രസാദ് തിരക്കിലാണ്.
പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഒ.പിയില്‍ രോഗികളെ പരിശോധിച്ചും പരിചരിച്ചും ഡോ.ആര്യയും പോരാടുകയാണ്. സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരാ.
എടുത്ത തീരുമാനത്തിന്റെ അനിവാര്യത ഇപ്പോള്‍ കൂടുതല്‍ ബോദ്ധ്യമായി എന്ന് പ്രസാദ് പറയുമ്പോള്‍ കണ്ട് പഠിക്കണം ഒരു തലമുറ. നമ്മളൊക്കെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വന്നവരല്ലേ.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു വരുന്നതും സാധാരണക്കാര്‍. ഈ ഘട്ടത്തില്‍ അതില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന്‍ പാടില്ല എന്ന് ആര്യ പറയുമ്പോള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്ടറുടെ മുഖം കാണാം.
സംസ്ഥാന,ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭയാണ് ആര്യ. കവിത, ഉപന്യാസ രചന, പദ്യപാരായണം ലളിതഗാനം എന്നിവയില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൊല്ലം ട്രാവന്‍കൂര്‍ മെഡി സിറ്റിയിലായിരുന്നു എം.ബി.ബി.എസ് പഠനം. കഴിഞ്ഞ മേയില്‍ എന്‍. ആര്‍. എച്ച്. എം. സ്‌കീം പ്രകാരം കന്യാകുളങ്ങര ഗവണ്മെന്റ് ആശുപത്രിയില്‍ നിയമിതയായി. ഈ സമയത്ത് വിവാഹത്തേക്കാളും പ്രാധാന്യമേറിയ കാര്യങ്ങള്‍ ഉണ്ടെന്നു തെളിയിക്കുകയാണ് ഇവര്‍.