പത്തനംതിട്ട: തണ്ണിത്തോട്ടില്‍ സിപിഎം ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിക്കും കുടുംബത്തിനും എല്ലാവിധ സംരക്ഷണവും നീതിയും ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ഥിനിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. വീടിനു പുറത്തിറങ്ങിയെന്ന പേരില്‍ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് രമേശ് കുറ്റപ്പെടുത്തി.
നിയമപരമായ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതോടൊപ്പം കുടുംബം നേരിടുന്ന വെല്ലുവിളികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍നിരയില്‍ ഉണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. പോലീസ് നടത്തിയ മലക്കംമറിച്ചിലുകളില്‍ രമേശ് ചെന്നിത്തല അമര്‍ഷം രേഖപ്പെടുത്തി.
പെണ്‍കുട്ടിക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം അപലപനീയവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തണ്ണിത്തോട്ടില്‍ നിരീക്ഷണത്തിലിരിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്കെതിരെ കേസെടുത്ത നടപടിയില്‍ ഡിസിസിപ്രസിഡന്റ്് ബാബു ജോര്‍ജ്, കെപിസിസി അംഗം പി. മോഹന്‍രാജ്, വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ്, ജനറല്‍ സെക്രട്ടറി എസ്.വി.പ്രസന്നകുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.
സ്വന്തം ഭവനത്തിനു പുറത്തേക്ക് പെണ്‍കുട്ടി ഇറങ്ങിയിട്ടില്ല. നീതി നിഷേധിക്കുന്നുവെന്നു കണ്ടപ്പോള്‍ അതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ കാട്ടിയ താത്പര്യം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിനുപോലും ഒരു വിലയും ഇല്ലെന്നതാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് ബിജെപി മേഖലാ സെക്രട്ടറി ഷാജി ആര്. നായര്‍ പറഞ്ഞു. ബിജെപി പ്രതിനിധി സംഘം ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും.