മുണ്ടക്കയം: മുണ്ടക്കയം പോലീസ് തിരക്കിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഡ്യുട്ടി ചെയ്യുന്ന തിരക്കല്ല, മറിച്ചു കോവിഡ് കാലത്ത് മാസ്ക്കുകൾ നിർമിക്കുന്നതിനു നേതൃത്വം നല്കുന്ന തിരക്കിലാണ് ഇവിടുത്തെ ജനമൈത്രി പോലീസ്.
ഒരു ലക്ഷം മാസ്ക്കാണ് നിർമിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടത്തിയതിനു പിന്നലെയാണ് മാസ്ക്ക് നിർമാണം. ലോക്ക്ഡൗണിൽ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിക്കാതെ എത്തിയതാണ് മുണ്ടക്കയം പോലീസിനെ ഇത്തരത്തിൽ ചിന്തിക്കാനിടയാക്കിത്.
രാവിലെ 55 ൽപരം തയ്യൽ ജോലി അറിയുന്ന സ്ത്രീകൾ സ്റ്റേഷനിൽ എത്തി പേരു രജിസ്റ്റർ ചെയ്തു. ഇവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തി. പോലീസ് ഓഡിറ്റോറിയത്തിൽ അകലം പാലിച്ചു തയ്യൽ യന്ത്രങ്ങൾ നിരത്തിയാണ് നിർമാണം ആരംഭിച്ചത്.
നിർമാണ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാർ, എസ്എച്ച്ഒ വി. ഷിബുകുമാർ, എസ്ഐ മാരായ ഇസ്മായിൽ, മാമച്ചൻ, ആർ.സി. നായർ എന്നിവർ പങ്കെടുത്തു.