പത്തനംതിട്ട: കൊറോണ വൈറസിന്റെ വ്യാപനത്തിലും രോഗികളിലുണ്ടാകുന്ന വ്യതിയാനങ്ങളിലും തുടര്‍പഠനങ്ങള്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍. പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 62കാരി 33 ദിവസം ആശുപത്രിവാസം പിന്നിടുമ്പോഴും രോഗം മാറിയിട്ടില്ല.
ഇതിനുശേഷം രോഗം സ്ഥിരീകരിച്ചവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ആശുപത്രി വിട്ടു. 62കാരിക്കൊപ്പം രോഗം സ്ഥിരീകരിച്ച ഇവരുടെ മകള്‍ക്കും നെഗറ്റീവ് ഫലം ലഭിച്ചു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ഇരുവരും.
റാന്നി ഐത്തലയില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വീട്ടമ്മയാണിത്. ഇവരുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഭേദമായി. മാതാവിനു രോഗം ഭേദമാകാത്തതിനാല്‍ യുവതിയും ആശുപത്രിയില്‍ കഴിയുകയാണ്.
മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിലും ഇവരുടെ ഫലം നെഗറ്റീവാകാന്‍ കാലതാമസമെടുക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലെ ഫലമാണ് സമീപദിവസങ്ങളില്‍ പത്തനംതിട്ടയില്‍ പോസിറ്റീവാകുന്നത്.
ഇതു ദൂരവ്യാപകമായ പ്രത്യാഘാതത്തിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നു യാത്രയില്‍ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായതിന്റെ പേരിലും പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചവരാണ് ഇവരില്‍ പലരും.
ക്വാറന്റൈന് പീരിയഡില്‍ 20 ദിവസത്തിലധികം പിന്നിട്ടശേഷമാണ് പലരുടെയും സ്രവം പരിശോധനയ്ക്കെടുത്തതു തന്നെ. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങളുണ്ടാകില്ലെന്നു മാത്രമല്ല, ഇവരുടെ ഫലം നെഗറ്റീവാകാനും ദിവസങ്ങളെടുക്കുന്നുണ്ട്.
ഇത്തരത്തില്‍ രോഗലക്ഷണങ്ങളിലും വ്യാപനരീതിയിലും കണ്ടുവരുന്ന മാറ്റങ്ങള്‍ പഠനവിഷയമാക്കണമെന്ന് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാേജര് ഡോ.എബി സുഷന്‍ പറഞ്ഞു.