തിരുവനന്തപുരം :കൊറോണ രോഗകാലത്തെ ആശങ്കകൾക്കിടയിലും കുട്ടികൾക്ക് കവിതയും നാടൻപാട്ടും കൊണ്ട് ആത്മവിശ്വാസം പകരുകയാണ് കവിയും നാടൻപാട്ട് കലാകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം.
ജീവിതത്തെ അകംപുറം മറിച്ചിട്ട കൊറോണ ദുരിതകാലത്തും ഭാവിയെക്കുറിച്ച് നവ മാധ്യമങ്ങളിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തുകയാണിദ്ദേഹം. വാട്സ് ആപ് കൂട്ടായ്മകളിലും ഫെയ്സ് ബുക്ക് കൂട്ടായ്മയിലും ഇദ്ദേഹം കവിതയും പാട്ടുകളുമായി തിരക്കിലാണ്.
പതിറ്റാണ്ടുകൾക്കു മുൻപ് ആത്മവിശ്വാസം മാത്രം കൈമുതലായ നമ്മുടെ മുൻ തലമുറകൾ ജീവിതം കെട്ടിപ്പടുത്തകാലവും അവർ നേരിട്ട പ്രതിസന്ധികളുമാണിദ്ദേഹം കൂട്ടികൾക്കു വേണ്ടി അവതരിപ്പിക്കുന്നത്. ഒപ്പം കുട്ടികളുമായി ആ പാട്ടിന്റെ ആശയവും പങ്കിടുന്നു.
“ആദിയില്ലല്ലോലന്തമില്ലല്ലോ ” എന്ന പാട്ടിലെ ആശയവും അതു നൽകുന്ന പ്രതീക്ഷകളും എക്കാലവും മനുഷ്യർ ഓർക്കേണ്ടതാണ്.” രേരിരേരേരേരോ, എന്റപ്പാരാരിരാരാരോ ” എന്ന ഒരു കർഷക പെൺകുട്ടിയുടെ പാട്ടിൽ ദാരിദ്ര്യത്തിലും പ്രതീക്ഷകളു ടെ താളമുണ്ടെന്നാണ് രാധാകൃഷ്ണൻ പറയുന്നത്.
താളത്തിൽ പാട്ടുകൾ പാടുന്നതിനൊപ്പം കൂട്ടികളെ പാട്ടുകൾ കേട്ട് പഠിച്ച് അടുത്ത ദിവസങ്ങളിൽ അവതരിപ്പിക്കുന്നതിനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.വർഷങ്ങളായിനാടൻ പാട്ടും നാടോടി കഥകളുമായി “നാട്ടരങ്ങ് ” എന്ന പേരിൽ ഇദ്ദേഹം കേരളമൊട്ടാകെ സഞ്ചരിക്കുന്നു. യാത്രാ ചിലവ് മാത്രമാണ് സംഘാടകരിൽ നിന്നും വാങ്ങുന്നത്.
ലോകം കീഴടക്കിയ കൊറോണ രോഗകാലത്തെ ഒറ്റപ്പെടലിൽ നിന്ന് കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും എന്നതാണ് ഇതിനു നവമാധ്യമ കൂട്ടായ്മകളുടെ ലക്ഷ്യം. നാട്ടറിവുകളും നാടോടിക്കഥകളും തലമുറകളായി പകർന്നു നൽകിയ ജീവിതസന്ദേശങ്ങളെ കുട്ടികൾക്ക് കൈമാറുക എന്നത് തന്റെ കടമയായി അദ്ദേഹം കണക്കാക്കുന്നു.
ജീവിതപ്രതിസന്ധികളിൽ പതറാതെ പാടിയ കവികളുടെ കവിതകൾ ഇദ്ദേഹം ഈ കൂട്ടായ്മയിൽ പങ്കുവയ്ക്കുന്നു. ശാസ്ത്ര ചിന്തകൾ നിറഞ്ഞ വയലാർ കവിതകളാണധി ൽ പ്രധാനം. ആശാൻ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ചുള്ളിക്കാട്, കുരീപ്പുഴ എന്നിവരുടെ കവിതകളും അവതരിപ്പിക്കപ്പെടുന്നു.
എന്നാൽ കുട്ടികകളുടെ കൂട്ടായ്മകളിൽ കുഞ്ഞുണ്ണിമാഷിന്റെ കവിതകൾക്കാണ് ഇന്നും പ്രിയം കൂടുതൽ.കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മകൾ നാടൻ പാട്ടുകളെ വല്ലാതെ ഇഷ്ടപ്പെടുന്നവരാണ്.പലപ്പോഴും ഈ വിദ്യാർത്ഥികൾ വെറും കേൾവിക്കാരെന്നതിനപ്പുറം പാട്ടുകൾക്കുള്ളിലെ ആശയങ്ങളെയും ശ്രദ്ധാപൂർവ്വം കേൾക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
എന്തായാലും ലോകമാകെ ഭീതിവിതക്കുന്ന രോഗകാലത്തും ഭയാശങ്കകൾക്ക് മറുമരുന്നായി കവിതയെയും നാടൻപാട്ടിനെയും കൂട്ടുപിടിക്കുകയാണ് രാധാകൃഷ്ണൻ കുന്നുംപുറം .