പത്തനംതിട്ട: വിഷുദിനത്തിലും വിശപ്പകറ്റി ജില്ലയിലെ സമൂഹ അടുക്കളകള്‍. വിഷുവിന് മാത്രം ജില്ലയില്‍ 10,669 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ വിതരണം ചെയ്തത് 1,77,087 ഭക്ഷണപ്പൊതികളാണ്. ഇതില്‍ സൗജന്യമായി വിതരണം ചെയ്തത് 1,14,593 പൊതികള്‍.
ഉച്ചഭക്ഷണമാണു സമൂഹ അടുക്കളകള്‍ വിതരണം ചെയ്തതില്‍ അധികവും. 1,47,639 ഉച്ചഭക്ഷണ പൊതികളാണ് ഇതിനോടകം വിതരണം ചെയ്തത്.
14,810 പ്രഭാത ഭക്ഷണവും 14,638 അത്താഴവും ലഭ്യമാക്കി. ജില്ലയില്‍ ഏറ്റവുമധികം ഭക്ഷണം വിതരണം ചെയ്തത് ആറന്മുള നിയോജകമണ്ഡലത്തിലാണ്. 50,442 ഭക്ഷണപൊതികള്‍ മണ്ഡലത്തില്‍ മാത്രമായി വിതരണം ചെയ്തു.
തിരുവല്ല നിയോജകമണ്ഡലത്തില്‍ 40,084, അടൂര്‍ മണ്ഡലത്തില്‍ 35,962 ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. റാന്നി മണ്ഡലത്തില്‍ 26,678 പൊതികളും കോന്നി മണ്ഡലത്തില്‍ 19,304 ഭക്ഷണപൊതികളും നല്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്താണ് ഏറ്റവും അധികം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.