കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ തുണയായി, ഒരുദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി തമിഴ്നാട്ടിൽനിന്ന് കൊച്ചിയിലെത്തിച്ചു.
നാഗർകോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ഹൃദ്രോഗവുമായി ഇന്നലെ രാവിലെ ജനിച്ച നാഗർകോവിൽ സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനെയാണു മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് കൊച്ചി ലിസി ആശുപത്രിയിലെത്തിച്ചത്.
വെന്റിലേറ്ററിന്റെയും മറ്റു ജീവൻ രക്ഷാ മരുന്നുകളുടെയും സഹായത്താൽ ജീവൻ നിലനിർത്തിവന്ന കുഞ്ഞിന്റെ രോഗാവസ്ഥ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ . എഡ്വിൻ ഫ്രാൻസിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ. ജി.എസ്. സുനിൽ എന്നിവരെ അറിയിക്കുകയും അവർ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയുമായിരുന്നു.
ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആശുപത്രി അധികൃതർ മുഖ്യമത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും, മുഖ്യമന്ത്രി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസുമായും തമിഴ്നാട് സർക്കാരുമായും ബന്ധപ്പെട്ട് കുട്ടിയുടെ യാത്രാനുമതി അതിവേഗം ശരിയാക്കുകയുമായും ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് നാഗർകോവിലിലേക്ക് പുറപ്പെട്ട ആംബുലൻസ് കുഞ്ഞുമായി രാത്രി പത്തോടെ ലിസി ആശുപത്രിയിൽ മടങ്ങിയെത്തുകയും ഇന്ന് രാവിലെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.