കോഴിക്കോട്: വിഷുത്തലേന്ന് ലോക്ഡൗണ്‍ ലംഘിച്ച് ആൾക്കൂട്ടം നഗരത്തിലിറങ്ങിയത് കണക്കിലെടുത്ത് കോഴിക്കോട്ട് വാഹന പരിശോധന കുടുതൽ കർശനമാക്കി. എല്ലാ ജംഗ്ഷനുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ഉന്നത ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന.
നിസാരകാര്യങ്ങൾക്ക് പുറത്തിറങ്ങിയ നിരവധിപേരെ തിരിച്ചയച്ചു. ചിലരുടെ വാഹനങ്ങൾ പിടിച്ചെടുത്തതായും, നിരവധി പേർക്കെതിരെ കേസെടുത്തതായും സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് അറിയിച്ചു. അടിയന്തര കാരണം ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.
വയനാട് ദേശീയപാതയിലെ മലാപ്പറന്പ് ജംഗ്ഷൻ, എരഞ്ഞിപ്പാലം, സിഎച്ച് ഓവർബ്രിഡ്ജ് പരിസരം, പാളയം തുടങ്ങി എല്ലാ ജംഗ്ഷനുകളിലും റോഡിനുകുറുകെ ബാരിക്കേഡുകൾ നിരത്തി കർശന പരിശോധനയാണ് നടക്കുന്നത്. പോലീസിനു പുറമെ റവന്യു സ്ക്വാഡും പരിശോധനയ്ക്കുണ്ട്.
വിഷുത്തലേന്ന് നേരിയ ഇളവ് അനുവദിച്ചതിനെ തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. ഇതുമൂലം പാളയം പച്ചക്കറി മാർക്കറ്റിൽ വൻ ആൾക്കുട്ടമുണ്ടായി . ഉന്തുവണ്ടിക്കാരും, ആളുകളും തൊട്ടുരുമ്മി നിൽക്കുന്ന അവസ്ഥയുണ്ടായതോടെ ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് പാളയത്ത് നിയന്ത്രണം കനപ്പിച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ എല്ലായിടത്തും പാലിക്കുന്നുണ്ടെങ്കിലും പാളയത്ത് തോന്നിയപോലെയായിരുന്നു അവസ്ഥ. ഇതിന് നിയന്ത്രണം വേണമെന്ന് കളക്ടർ സിറ്റി പോലീസ് കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാളയം മേഖലയിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പാളയത്തെ ആൾക്കൂട്ടം സ്ഥിതി വഷളാക്കിയേക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കോവിഡ് മേഖലയിൽ നിന്നുള്ള ധാരളം പേർ പാളയം മാർക്കറ്റിൽ ഉന്തുവണ്ടിക്കച്ചവടം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.