പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യ കിറ്റിനൊപ്പം നല്‍കേണ്ട ഭക്ഷ്യഎണ്ണ ഇറക്കാന്‍ അട്ടിമറിക്കൂലി ചോദിച്ച സിഐടിയു പ്രവര്‍ത്തകരുടെ ചുമട്ടുതൊഴിലാളി കാര്‍ഡ് ലേബര്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
തിരുവല്ല കറ്റോട് സപ്ലൈകോ ഗോഡൗണില്‍ കഴിഞ്ഞ ദിവസം സണ്‍ഫ്ളവര്‍ ഓയില്‍ ലോഡ് ഇറക്കുന്നതിന് വിസമ്മതിച്ച ആറു ചുമട്ടുതൊഴിലാളികളുടെ കാര്‍ഡാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി അറിയിച്ചു.
എന്നാല്‍ ലോഡ് ഇറക്കാന്‍ വിസമ്മതിച്ച് അട്ടിമറിക്കൂലി ആവശ്യപ്പെട്ട തൊഴിലാളികള്‍ക്കെതിരെ പോലീസ് ഇനിയും കേസെടുത്തിട്ടില്ല. സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിക്കുകയും നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സപ്ലൈകോയുടെയോ മറ്റോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറും തിരുവല്ല അസിസ്റ്റന്റ്് ലേബര്‍ ഓഫീസറും സ്ഥലത്തെത്തി യൂണിയന് നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തുവര, ഉഴുന്ന് എന്നിവ അടങ്ങിയ രണ്ട് ലോഡ് സാധനങ്ങള്‍ തൊഴിലാളികള്‍ ഇറക്കി.
വരും ദിവസങ്ങളില്‍ മറ്റു ഡിപ്പോകളില്‍ നിന്നുള്ള തൊഴിലാളികളെ വിനിയോഗിച്ച് കയറ്റിറക്ക് നടത്തുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നു ഞായറാഴ്ച രാത്രിയാണ് സപ്ലൈകോയുടെ കറ്റോട് ഡിപ്പോയിലേക്ക് ലോഡ് എത്തിയത്.
ലോറിയില്‍ ഒരു ലിറ്ററിന്റെ 1700 പായ്ക്കറ്റ് സണ്‍ഫ്ളവര്‍ ഓയിലാണ് ഉണ്ടായിരുന്നു. ഇതിന് ഒരു പായ്ക്കറ്റിന് 10 രൂപയാണ് സിഐടിയു പ്രവര്‍ത്തകര്‍ ഇറക്കുകൂലി ആവശ്യപ്പെട്ടത്.
ഒരു പായ്ക്കറ്റ് എണ്ണ ഇറക്കാന്‍ 2.30 രൂപ ലേബര്‍ വകുപ്പ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കുന്നുണ്ട്. സപ്ലൈകോ ഡിപ്പോയില്‍ ഇത് ഇറക്കാന്‍ സാധ്യമാകാതെ വന്നപ്പോള്‍ ചങ്ങനാശേരിയിലേക്ക് ലോറി പറഞ്ഞുവിടുകയായിരുന്നു.