തിരുവനന്തപുരം: ലോക്ക്ഡൗൺ കാലാവധി മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തില്‍ സിറ്റി പോലീസ് പരിശോധനകള്‍ കര്‍ക്കശമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക്ഡൗൺ വിലക്കു ലംഘനം നടത്തിയ 143 പേർക്കെതിരെ ഇന്നലെയും കേസെടുത്ത് 125 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 120 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 23 പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്ന് കമ്മീഷണര്‍ അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ നൽകിയതും ജില്ല കളക്ടറില്‍ നിന്നു ലഭിച്ചതും അല്ലാത്ത പാസുകളുമായി ആരും റോഡിലിറങ്ങാൻ പാടില്ല. മറ്റു നിയമാനുസൃതമല്ലാത്ത പാസുകളുമായി പുറത്തിറങ്ങിയാൽ നടപടിസ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് ഹോം ഫുഡ് ഡെലിവറി , ഹോം മെഡിസിന് ഡെലിവറി മറ്റ് അത്യാവശ്യ സേവനങ്ങള്‍ എന്നിവക്കായി നിലവില്‍ പാസ് അനുവദിച്ചു കിട്ടിയിട്ടുള്ളവര്‍ കമ്മീഷണര്‍ ഓഫീസില്‍ അപേക്ഷ നല്കി പാസ്സുകള്‍ പുതുക്കേണ്ടതാണ്. പാസ് പുതുക്കാന്‍ വരുന്നവര്‍ പഴയ പാസും കൂടെ കൊണ്ടുവരണം.
മരണം, മെഡിക്കൽ ആവശ്യങ്ങൾ, തൊട്ടടുത്ത ദിവസം നടക്കുന്ന കല്യാണം, എന്നിവയ് ക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്രകള്‍ക്ക് അനുമതി നൽകുകയുള്ളൂ. ഇവർ അതിനായി ഓൺലൈനിൽ അപേക്ഷ നൽകി പാസ് എടുക്കണം.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 120 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, നേമം, വിഴിഞ്ഞം, കോവളം എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 125 വാഹനങ്ങൾ പിടിച്ചെടുത്തു. 105 ഇരുചക്ര വാഹനങ്ങളും 14 ഒാട്ടോറിക്ഷകളും അഞ്ച് കാറുകളും ഒരു ലോറിയുമാണ് പിടിച്ചെടുത്തത്.
സിറ്റിയുടെ അതിർത്തി പൂർണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തിവിടുകയുള്ളൂ.
സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.