കൊച്ചി: എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ കോവിഡ്-19 ക്യാമ്പില്‍നിന്നു ഫാനുകള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍.
ക്യാമ്പില്‍ തന്നെ അന്തേവാസികളായി കഴിയുന്ന ആലപ്പുഴ ഹരിപ്പാട് ചെറുതന ലക്ഷ്മി നിവാസികള്‍ സുധീഷ് (37), കൊല്ലം പുനലൂര്‍ കാര്യറ മജു മന്‍സിസില്‍ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടില്‍ ജിന്തേഷ് (39) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ പിടിഎ പ്രസിഡന്റ് ഷിബു സ്കൂളിലെത്തിയപ്പോള്‍ ഏതാനും ക്ലാസ് മുറികള്‍ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫാനുകള്‍ മോഷണം പോയതായി കണ്ടെത്തിയത്.
പ്രിന്‍സിപ്പൽ സ്ഥലത്തെത്തി മോഷണം സ്ഥിരീകരിക്കുകയും സെന്‍ട്രല്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്.
മോഷ്ടിച്ച ഫാനുകള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്പന നടത്തി. ബീഡി വാങ്ങാന്‍ പണം കണ്ടെത്തുന്നതിനായാണ് ഫാനുകള്‍ മോഷ്ടിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു.
സെന്‍ട്രല്‍ സിഐ വിജയശങ്കര്‍, എസ്ഐമാരായ വിപിന്‍ കുമാര്‍, തോമസ്, എഎസ്ഐ സന്തോഷ്, സിപിഒ സിബിള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.