തിരുവനന്തപുരം: കോവിഡ് വിവര ശേഖരണത്തിനായി അമേരിക്കയിലെ സ്പ്രിങ്ക്ളർ കന്പനിയുമായുണ്ടാക്കിയ കരാറിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് പ്രതിപക്ഷം. സ്പ്രിങ്കളർ അഴിമതിയിൽ മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ എല്ലാം മുഖ്യമന്ത്രി ശരിവച്ചു. കന്പനിയുടെ കഴിഞ്ഞ കാല ചരിത്രം സർക്കാർ പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു ഫയൽപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കരാറുകൾ വരുന്പോൾ ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ ചുമതലകൾ എൽപ്പിക്കും. അത്തരത്തിലുള്ള ഒരു നടപടിയും ഈ കരാറിലുണ്ടായില്ല. ഈ നടപടികൾ നിയമവിധേയമല്ലെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ കുറ്റപ്പെടുത്താൻ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.
സ്പ്രിങ്ക്ളർ കന്പനിക്കെതിരായ കേസ് നിസാരമല്ല. ഡാറ്റ തട്ടിപ്പ് കേസിലാണ് കന്പനി നടപടി നേരിടുന്നത്. 350 കോടി രൂപയുടെ തട്ടിപ്പാണ് ഈ കന്പനിയുടെ പേരിലുള്ളത്. സ്പ്രിങ്കളറുമായി പങ്കാളിത്തം ഉണ്ടായിരുന്ന കന്പനിതന്നെയാണ് ഇവർക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിങ്ക്ളറിന്റേത് സൗജന്യ സേവനമല്ല. കോവിഡിനുശേഷം ഇവർ പണം ഈടാക്കും. സൗജന്യ സേവനത്തിനുവരുന്നവരെ പേടിക്കണം. ഇവർക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.