കോട്ടയം: ഒറ്റ ഫോണ് കോളിൽ മരുന്നുകൾ വീട്ടമ്മയ്ക്കും മകൾക്കും എത്തിച്ചു നല്കി കിടങ്ങൂർ പോലീസ്. കിടങ്ങൂർ വട്ടുകുലകുന്നുംപുറത്ത് കപ്ലങ്ങാട്ടുവീട്ടിൽ തങ്കമ്മ (86), മകൾ ലൂസി (61) എന്നിവർക്കാണ് കിടങ്ങൂർ പോലീസ് മരുന്ന് എത്തിച്ചു നല്കിയത്.
നിരവധി രോഗങ്ങളാൽ വിഷമിക്കുന്നവരാണ് തങ്കമ്മയും ലൂസിയും. ലോക്ക് ഡൗണായതിനാൽ മരുന്നുകൾ തീർന്നു പോയതോടെ പുറത്തു പോയി വാങ്ങാനും ഇവർക്കു കഴിഞ്ഞില്ല. ഇതോടെ സഹായം ആവശ്യപ്പെട്ട് ഇവർ കിടങ്ങൂർ പോലീസ് സ്റ്റേഷനിലേക്കു ഫോണ് വിളിച്ചത്.
സംഭവമറിഞ്ഞയുടൻ തന്നെ എസ്എച്ച്ഒ സിബി തോമസ്, എസ്ഐ ആന്റണി ജോസഫ് നെറ്റോ എന്നിവർ ചേർന്നു മരുന്നു എത്തിച്ചു നല്കാൻ പോലീസുകാരെ ചുമതലപ്പെടുത്തി.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ എഎസ്ഐമാരായ രമേഷ്, ബിൻഗർ എന്നിവർ ചേർന്നു മരുന്നുകൾ ഇവരുടെ വീട്ടിൽ എത്തിച്ചു നല്കുകയും ചെയ്തു.