തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ കാര്യത്തിൽ പുനർനിർണയം നടത്താൻ മന്ത്രിസഭായോഗത്തിൽ ധാരണ. ലോക് ഡൗൺ സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും തീരുമാനമായി.
ചില മേഖലകളിൽ ഇളവ് അനുവദിക്കാൻ ധാരണയായെങ്കിലും കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ച് തിങ്കളാഴ്ചയ്ക്കു ശേഷം മാത്രമേ ഇളവനുവദിക്കൂ. കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലകൾക്കാണ് ഇളവനുവദിക്കുക. അതേ സമയം സാലറി ചലഞ്ച് മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല.
കോവിഡ് ബാധയുടെ തീവ്രത അനുസരിച്ച് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുത്തേണ്ടതെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
കൂടാതെ കോട്ടയത്തേയും വയനാടിനേയും ഗ്രീൻ സോണിലുൾപ്പെടുത്താനും മറ്റു ജില്ലകളെ ഓറഞ്ച് സോണിലാക്കാനും കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ നാലു മേഖലകളായി തിരിക്കാനും തീരുമാനമായി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവ ഉൾപ്പെട്ട അതി തീവ്ര മേഖല, പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകൾ ഉൾപ്പെട്ട മേഖല, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട് എന്നിവ ഉൾപ്പെട്ട മേഖല, കോട്ടയം, ഇടുക്കി എ്നനിവ ഉൾപ്പെട്ട മേഖല എന്നിവയാണ് അവ.