കാട്ടാക്കട: പോളിയോ ബാധിച്ച് കാലുകൾ തളർന്ന വയോധിക തനിക്ക് കിട്ടിയ വികലാംഗ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
വിളപ്പിൽശാല കുന്നുംപുറം നികുഞ്ജത്തിൽ ഇന്ദിര (72)യാണ് രണ്ട് മാസത്തെ പെൻഷൻ തുകയായ 2,400 രുപ നൽകി മാതൃകയായത്. കോവിഡ് നാട്ടിൽ ദുരിതം വിതയ്ക്കുമ്പോൾ സർക്കാരിന്റെ കരുതലിന് തന്റെ ചെറിയ സംഭാവന എന്നാണ് ഇന്ദിര ഇതിനെ കുറിച്ച് പ്രതികരിച്ചത്.
മകൻ പൊതു പ്രവർത്തകനായ ഷാജി ദേവദാസിനൊപ്പമാണ് ഇന്ദിരയുടെ താമസം. മൂന്നു വയസുള്ളപ്പോൾ പോളിയോ രോഗം പിടിപെട്ട് ഇന്ദിരയുടെ രണ്ടു കാലുകളും തളർന്നു പോയി. പിന്നിട് ചക്രക്കസേരയിലായി ജീവിതം.
വിഷുദിനത്തിൽ നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണനെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ഇന്ദിര ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, മണികണ്ഠൻ തുടങ്ങിയവർ സന്നിഹിതരായി.