
തിരുവനന്തപുരം: കോവിഡ് കാലത്ത് വീടുകളിൽ കഴിയുന്നവർക്ക് കൃഷിയൊരുക്കാൻ വിത്തുകളും വളക്കൂട്ടുകളുമായി നഗരസഭ.വിത്തും വളവുമടങ്ങിയ ആദ്യ കിറ്റ് വാർഡ് കൗണ്‍സിലർ ബിന്ദു ശ്രീകുമാറിന് മന്ത്രി ടി.എം.തോമസ് ഐസക് നൽകി ഉദ്ഘാടനം ചെയ്തു.
വിത്തും വളവും പദ്ധതിയിലൂടെ നഗരപ്രദേശത്തെ ജൈവകൃഷിക്ക് പുതു ഉൗർജം ലഭിക്കുമെന്നും, കുറഞ്ഞ ഉത്പാദനചെലവിൽ കൂടുതൽ ഉത്പന്നം എന്ന ആശയം ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.
പച്ചക്കറി കൃഷിയിൽ നഗരത്തെ സ്വയം പര്യാപ്തമാക്കുന്നതോടൊപ്പം തന്നെ ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരിക്കുന്നവർക്ക് മാനസികോല്ലാസം ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് നഗരസഭ ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചിട്ടുള്ളതെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.
100 വാർഡുകളിലായി 20000 കിറ്റുകളാണ് വിതരണം ചെയ്യാൻ നഗരസഭ ലക്ഷ്യമിടുന്നതെന്നും മേയർ പറഞ്ഞു. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പലാക്കുന്നത്. ഹെൽത്ത് സർക്കിൾ ഓഫീസുകൾ മുഖേന ഇവ വിതരണം ചെയ്യും.
വിത്തുകളും, തൈകളും ജൈവവളക്കൂട്ടുമടങ്ങിയ കിറ്റിനോടൊപ്പം, ഞാറ്റുവേല കലണ്ടർ, കാർഷിക നിർദ്ദേശങ്ങൾ, കീട നിയന്ത്രണം എന്നിങ്ങനെ കൃഷിക്കാരെ സഹായിക്കുന്ന ബുക്ക്ലെറ്റുകൾ, ബ്രോഷറുകൾ എന്നിവയും നൽകുന്നും.
നഗരസഭയുടെ എയറോബിക് ബിന്നുകൾ, കിച്ചണ്‍ ബിന്നുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന കന്പോസ്റ്റും, വെച്ചൂർ പശുവിന്റെ ചാണകവും സംയോജിപ്പിച്ചാണ് വിതരണത്തിനായുള്ള വളക്കൂട്ട് തയാറാക്കുന്നത്.