ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിൽ പിസ വിതരണം ചെയ്യുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ നിരീക്ഷണത്തിലേക്കു മാറ്റി.
സാവിത്രി നഗർ സ്വദേശിയായ യുവാവ് കഴിഞ്ഞ 20 ദിവസങ്ങളായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണു പരിശോധന നടത്തിയത്. ഏപ്രിൽ 14ന് പരിശോധനാഫലം വന്നപ്പോൾ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
അതോടെയാണ് യുവാവ് അടുത്തയിടെ സന്ദർശിച്ച മാളവ്യ നഗർ, ഹൗസ് ഖാസ് മേഖലയിലുള്ള 72 കുടുംബങ്ങളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. തെക്കൻ ഡൽഹിയിലെ ചില ആശുപത്രികളും ഈ ദിവസങ്ങളിൽ യുവാവ് സന്ദർശിച്ചിരുന്നു.
നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളിൽ ആരെയും തന്നെ ഇന്നലെവരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിട്ടില്ലെന്നു ദക്ഷിണ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് ബി.എം മിശ്ര പറഞ്ഞു.
എല്ലാവരും വീടുകളിൽ തന്നെയാണു നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ആരെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പിസ വിതരണം ചെയ്തിരുന്ന യുവാവിന് എങ്ങനെയാണ് കോവിഡ് പിടിപെട്ടതെന്നു വിവരമില്ല. ഇയാൾ വിദേശയാത്ര നടത്തുകയോ മറ്റു തരത്തിലുള്ള യാത്രാ ബന്ധങ്ങളോ ഇല്ല. എന്നാൽ, ഒരു മാസമായി ഇയാൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
യുവാവിനൊപ്പം പിസ ഡെലിവറി ജോലി ചെയ്തിരുന്ന 17 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മജിസ്ട്രേറ്റ് പറഞ്ഞു. പിസ വിതരണം ചെയ്യാൻ പോയ വീടുകളിലുള്ള ആരിൽ നിന്നോ രോഗം പകർന്നതാകാമെന്നാണു നിഗമനം.