അമ്പലപ്പുഴ: സാമൂഹിക അകലം പാലിക്കാതെയുള്ള മത്സ്യവിപണനം ആശങ്കയ്ക്ക് ഇടയാക്കുന്നു. നീർക്കുന്നം കുപ്പി മുക്കിലാണ് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മത്സ്യബന്ധനം നടക്കുന്നത്.
ജില്ലയിൽ തോട്ടപ്പള്ളി, അർത്തുങ്കൽ എന്നിവിടങ്ങളിൽ മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നത്. തോട്ടപ്പള്ളി തുറമുഖത്ത് വള്ളങ്ങൾക്കു കയറാൻ പറ്റാത്ത അവസ്ഥയായതിനാൽ കൂടുതൽ വളളങ്ങളും പറവൂർ കടപ്പുറത്ത് വള്ളമടുപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇവിടെ കടൽ ശക്തമായതോടെയാണ് നീർക്കുന്നം കുപ്പിമുക്കിൽ വള്ളങ്ങൾ അടുക്കാൻ തുടങ്ങിയത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും പുറത്തിറക്കിയിരിക്കുന്ന ഒരു മാനദണ്ഡവും ഇവിടെ പാലിച്ചിട്ടില്ല.
സാമൂഹിക അകലം പാലിക്കണമെന്ന പ്രധാന നിർദേശവും ഇവിടെയെത്തുന്ന തൊഴിലാളികൾ പാലിക്കുന്നില്ല.കോവിഡ് റിപ്പോർട്ടു ചെയ്ത മറ്റുജില്ലകളിൽ നിന്നടക്കം അനേകം വാഹനങ്ങളാണ് മത്സ്യമെടുക്കാൻ എത്തുന്നത്.
മത്സ്യത്തൊഴിലാളികളടക്കം നൂറുകണക്കിനു പേർ ഇവിടെയെത്തിയതോടെ നിരവധി കടകളും ഇവിടെ തുടങ്ങി. ഇത്തരം കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമാണ് ആളുകൾ എത്തുന്നത്.
കോവിഡ് ആശങ്കയൊഴിഞ്ഞ ജില്ലയിൽ ഇത് മറ്റൊരു ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പോലീസും ആരോഗ്യവകുപ്പും ഇത് അവഗണിക്കുന്നത് നാടിന് ഭീഷണിയായിട്ടുണ്ട്. കോവിഡ് ഭീഷണി അവസാനിക്കുന്നതുവരെ മത്സ്യ ബന്ധന മേഖലയിൽ കടുത്ത നിയന്ത്രണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
എന്നാൽ തൊഴിൽ കണക്കിലെടുത്ത് ഈ മേഖലയിൽ ഇളവു നൽകിയതോടെ സ്ഥിതി നിയന്ത്രണാതീതമായിരിക്കുകയാണ്. നീർക്കുന്നം കുപ്പിമുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക നിർദേശവും ബോധവത്കരണവും നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.