തലശേരി: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രാഥമികാന്വേഷണം നടത്തിയ പാനൂർ മുൻ സിഐക്കെതിരേ ഗുരുതര ആരോപണങ്ങൾ.
അധ്യാപകനെതിരേ മൊഴി നല്‍കാനെത്തിയ വിദ്യാർഥിനികളെ സിഐ ഭീഷണിപ്പെടുത്തിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. സിഐ കോഴിക്കോടേക്ക് സ്ഥലം മാറിയിട്ടും കേസിൽ ഇടപെട്ടതായി ആരോപണമുയർന്നിട്ടുണ്ട്.
പീഡനത്തിരയായ പെൺകുട്ടിയെ കോഴിക്കോട് കൗൺസിലിംഗിന് കൊണ്ടുപോയപ്പോൾ പാനൂർ മുൻ സിഐ അവിടെ എത്തിയിരുന്നത് കേസ് അട്ടിമറിക്കാനെന്നാണ് പുതിയ ആരോപണം.
പീഡനക്കേസിൽ അറസ്റ്റിലായ പാനൂർ പാലത്തായി യുപി സ്കൂൾ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെയും പാനൂർ സിഐ ഇ.വി. ഫായിസ് അലിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും.
ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. പെൺകുട്ടിയുടെ സുഹൃത്തായ വിദ്യാർഥിനിയുടെ മൊഴി മട്ടന്നൂർ മജിസ്ട്രേറ്റിനു മുൻപാകെ ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്.
പീഡനക്കേസിൽ അറസ്റ്റിലായ പത്മരാജനെ ബിജെപിയുടെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മൂന്നുതവണ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവത്തിൽ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.