കോഴിക്കോട്: ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്നുപേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു.
മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13-നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14-ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.
ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി. ഇവരില്‍ ഒമ്പതുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ ഇപ്പോള്‍ ഒമ്പത് പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഇതുകൂടാതെ കോവിഡ് സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തി നേടി ആശുപത്രി വിട്ടു. രണ്ടുപേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 1,298 പേര് കൂടി ഇന്നലെ വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ അറിയിച്ചു.
ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ 9,864 ആയി. 12875 പേര് നിരീക്ഷണത്തില്‍ തുടരുന്നു.പുതുതായി വന്ന 15 പേര് ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
11 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യ കേരളം മിഷന് ഡയറക്ടറും വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.