മലപ്പുറം: ജില്ലയിൽ കോവിഡ്- 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം രോഗമുക്തനായ ഒരാൾ കൂടി ആശുപത്രി വിട്ടു. തിരൂർ ആലിൻചുവട് സ്വദേശി മുണ്ടേക്കാട്ട് സുനിൽ റഫീഖ് (51) ആണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഇന്നലെ വീട്ടിലേക്കു മടങ്ങിയത്.
ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഒന്പതായി. രണ്ടുപേർ കൂടി രോഗം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നുണ്ട്.
ഇവരും വൈറസ്ബാധയുള്ള എട്ടുപേരുമാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ഇന്നലെ രാവിലെ പത്തോടെയാണ് രോഗമുക്തനായി സുനിൽ റഫീഖ് ഐസൊലേഷൻ കേന്ദ്രത്തിനു പുറത്തെത്തിയത്.
ദുബായിൽ നിന്നു നാട്ടിലെത്തിയപ്പോഴും രോഗബാധ സ്ഥിരീകരിച്ച ശേഷവും തനിക്ക് സർക്കാർ ഒരുക്കിയ കരുതലും വിദഗ്ധ ചികിത്സയുമാണ് പുതുജീവിതത്തിലേക്ക് വഴി തുറന്നതെന്നു സുനിൽ പറഞ്ഞു.
എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ടു അനുഭവിച്ചതോടെ രോഗം അതിജീവിക്കാനാവുമെന്നു വിശ്വാസമായി. തനിക്കും കുടുംബത്തിനും നാടിനും ജാഗ്രതയോടെ കരുതലൊരുക്കുന്നവർക്കെല്ലാം സുനിൽ റഫീഖ് നന്ദി പറഞ്ഞു.
മാർച്ച് 18 നാണ് ദുബായിൽ നിന്നു ഇയാൾ നാട്ടിലെത്തിയത്. പൊതു സന്പർക്കമില്ലാതെ വീട്ടിൽ കഴിയുന്നതിനിടെ വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ഏപ്രിൽ ഒന്നിനു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.
439 പേർ കൂടി നിരീക്ഷണത്തിൽ
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നലെ മുതൽ 439 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8,708 ആയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
ഇന്നലെ 38 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 35, നിലന്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒരാളുമാണ് ഐസൊലേഷനിലുള്ളത്.
2,062 പേരെ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്നു ഇന്നലെ ഒഴിവാക്കി. 8,567 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 103 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.
കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 19 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ ഒന്പതു പേർ വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ടു പേർ രോഗം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.
എട്ടു പേരാണ് ഐസൊലേഷനിൽ ചികിത്സയിൽ തുടരുന്നത്.ജില്ലയിൽ ആറു പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വയനാട്ടിൽ 758 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി
കൽപ്പറ്റ: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ 758 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8787 ആയി. കോവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ അഞ്ച് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 250 സാന്പിളുകളിൽ 229 ഫലം ലഭിച്ചു. പരിശോധനയ്ക്ക് അയച്ച 20 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1489 വാഹനങ്ങളിലായി എത്തിയ 2196 ആളുകളെ സ്ക്രീനിംഗിന് വിധേയമാക്കിയതിൽ ആർക്കും രാഗലക്ഷണങ്ങളില്ല. കമ്മ്യൂണിറ്റി കിച്ചൻ വഴി 1081 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി.