ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പറഞ്ഞപ്പോള്‍ സാമൂഹിക അകലം മറന്ന് ബ്രിട്ടീഷുകാര്‍ ; ബാന്‍ഡ്‌മേളവും പടക്കംപൊട്ടീരുമായി തെരുവിലിറങ്ങിയത് ആയിരങ്ങള്‍ ! ഉത്തരേന്ത്യക്കാരെ പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ മൗനവ്രതം…

വീടിന്റെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പാത്രം കൊട്ടുകയും കൈയ്യടിക്കുകയും ചെയ്ത് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ ഉത്തരേന്ത്യയില്‍ ചില മേഖലയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കിയത്. പലരും ബാന്‍ഡ്‌മേളവും പടക്കം പൊട്ടീരുമായി തെരുവിലിറങ്ങി ആഘോഷിക്കുകയാണുണ്ടായത്.

ഇതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ബ്രിട്ടനും. ആരോഗ്യ പ്രവര്‍ത്തകരേയും കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികളെയും ആദരിക്കുന്നതിനായി കൈകൊട്ടലും പാത്രംകൊട്ടലുമായി ആയിരങ്ങള്‍ ബാല്‍ക്കണിയില്‍ അണിനിരന്നപ്പോള്‍, അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ആവേശം മൂത്ത ചില ബ്രിട്ടീഷുകാരുടെ പെരുമാറ്റം.

സാമൂഹിക അകലം പാലിക്കാതെ തെരുവിലേക്ക് കൂട്ടമായി ഇറങ്ങിയ ഇക്കൂട്ടര്‍, ബാന്‍ഡ് താളത്തിനൊത്ത് തെരുവില്‍ നൃത്തം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഇന്നലെ ഏക മനസ്സോടെയാണ് ഇംഗ്ലീഷ് ജനത തങ്ങളുടെ രക്ഷകരോടുള്ള ആദരവ് രേഖപ്പെടുത്താന്‍ തയ്യാറായത്.

വീടിന്റെ ബാല്‍ക്കണികളിലും, ആശുപത്രികള്‍ക്ക് മുന്നിലും സൂപ്പര്‍മാര്‍ക്കറ്റിലുമൊക്കെ നൂറുകണക്കിന് ആള്‍ക്കാരാണ് പാത്രം കൊട്ടിയും കൈയടിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയും ആദരവും രേഖപ്പെടുത്താന്‍ എത്തിയത്.

ഓള്‍ഡ് ടഫോര്‍ഡില്‍ നീല നിയോണ്‍ വെളിച്ചത്തില്‍ എന്‍ എച്ച് എസ് യുണൈറ്റഡ് എന്ന് എഴുതിക്കാണിച്ച്, അതിനു കീഴില്‍ കൈയടികളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബും ഇതില്‍ പങ്കെടുത്തു.

ഇതുവരെ 45 എന്‍എച്ച്എസ് ജീവനക്കാരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ഇവരെ ഓര്‍മ്മിക്കുന്നതിനോടൊപ്പം മരണത്തെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഈ മഹാവ്യാധിയെ ചെറുക്കാന്‍ രാപ്പകലില്ലാതെ പോരാടുന്ന എല്ലാ എന്‍ എച്ച് എസ് പ്രവര്‍ത്തകര്‍ക്കും ആദരവ് അര്‍പ്പിക്കുവാന്‍ വേണ്ടി കൂടിയായിരുന്നു ഈ പരിപാടി.

എന്‍എച്ച്എസ് പ്രവര്‍ത്തകരോടൊപ്പം പലരും രണ്ടാം ലോകമഹായുദ്ധ പോരാളി ക്യാപ്റ്റന്‍ ടോം മൂറിനേയും ആദരിക്കുന്നുണ്ടായിരുന്നു.

തന്റെ നൂറാം പിറന്നാളിന് മുന്‍പായി വീടിനു ചുറ്റും നൂറ് വട്ടം നടന്ന്, ക്രൗഡ് ഫംണ്ടിംഗിലൂടെ 15 മില്യണ്‍ പൗണ്ട് എന്‍ എച്ച്എസിനായി സമാഹരിച്ച വ്യക്തിയാണ് ക്യാപ്റ്റന്‍ ടോം മൂര്‍

രോഗം ഭേദമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രതിശ്രുത വധു കാരി സൈമണ്ട്‌സും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ചു.

ഇതേസമയം യുഎഇ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചത് ജനങ്ങള്‍ അവരവരുടെ വീടുകളുടെ ബാല്‍ക്കണിയില്‍ എത്തി യുഎഇയുടെ ദേശീയഗാനം പാടിക്കൊണ്ടായിരുന്നു.

Related posts

Leave a Comment