കൊല്ലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കളുടെ ഒപി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടന്നാൽ പോലീസിന്റെ പിടിവീഴുമെന്നു കൊല്ലം ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.
ഒപി ടിക്കറ്റിൽ ആശുപത്രിയിൽ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിനു നിർദേശം നൽകിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. പഴയ ഒപി ടിക്കറ്റും ബന്ധുക്കളുടെ ഒപി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. രണ്ടു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.