മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ ടൂർണമെന്റ് നടത്താൻ തയാറാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് (എസ്എൽസി). എന്നാൽ, എസ്എൽസിയുടെ ഈ സന്നദ്ധതയിൽ ബിസിസിഐക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട്.
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്പോൾ ഐപിഎൽ ഇന്ത്യക്കു പുറത്തു നടത്തുന്നതിനായുള്ള ചർച്ച നടത്തേണ്ട സമയമല്ലെന്നാണ് ബിസിസിഐ കേന്ദ്രത്തിൽനിന്നുള്ള പ്രതികരണം.
കൊറോണ ഭീഷണി അവസാനിച്ച് സാഹചര്യങ്ങൾ പൂർവ സ്ഥിതിയിൽ എത്തുന്പോൾ ഐപിഎൽ നടത്താമെന്ന നിലപാടാണ് ബിസിസിഐക്ക് ഇപ്പോഴുള്ളത്.
ഐപിഎൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വേദിയൊരുക്കാമെന്ന് അറിയിച്ച് ബിസിസിഐക്ക് കത്ത് അയച്ചത്.
ടൂർണമെന്റ് റദ്ദാക്കിയാൽ വൻ സാന്പത്തിക നഷ്ടമാണ് ബിസിസിഐക്കും ഫ്രാഞ്ചൈസികൾക്കും സംഭവിക്കുക. ഐപിഎൽ വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റിയാൽ സാന്പത്തിക നഷ്ടത്തിന്റെ തോത് കുറയ്ക്കാമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ പറഞ്ഞു.
ബിസിസിഐയെ സംബന്ധിച്ച് ഐപിഎൽ ഇന്ത്യക്കു പുറത്തു നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മുന്പ് ഒരു തവണ ദക്ഷിണാഫ്രിക്കയിൽ ടൂർണമെന്റ് നടത്തിയത് ചൂണ്ടിക്കാട്ടി സിൽവ വ്യക്തമാക്കി.
ഐപിഎൽ ലങ്കയിൽ നടത്തുന്നതിലൂടെ സാന്പത്തിക ലാഭവും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കെതിരേ ജൂലൈയിൽ നടക്കേണ്ട മൂന്ന് ട്വന്റി-20, മൂന്ന് ഏകദിന പരന്പരയേക്കാൾ ലങ്കയ്ക്ക് സാന്പത്തിക ലാഭം ഐപിഎൽ ആതിഥേയത്വത്തിലൂടെ നേടാം.
എന്നാൽ, ഇന്ത്യയിൽത്തന്നെ ഐപിഎൽ നടത്താനുള്ള ശ്രമമാണ് ബിസിസിഐക്കുള്ളത്. സെപ്റ്റംബർ-ഒക്ടോബർ, ഒക്ടോബർ – നവംബർ മാസങ്ങളിൽ ഐപിഎൽ നടത്തുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ബിസിസിഐ.
ഐസിസിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ശശാങ്ക് മനോഹർ ചെയർമാൻ സ്ഥാനത്തുനിന്ന് ഇറങ്ങുന്നതോടെ മാറുമെന്നും 2009ൽ ഐപിഎൽ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിസിഐ മുൻ അംഗം നിരീക്ഷിച്ചു.
സമയമിതല്ല