ഇരുപത്താറ് വർഷം മുന്‍പത്തെ ഏപ്രിൽ 18… ആൻ്വിഗയിലെ സെന്റ് ജോണ്‍സിലുള്ള ആന്റ്വിഗ റിക്രിയേഷൻ ഗ്രൗണ്ടിലേക്കു പതിവിനു വിപരീതമായി ക്രിക്കറ്റ് ആരാധകരും നിരൂപകരും മാധ്യമപ്രതിനിധികളും ഒഴുകിയെത്തി.
അതിനു കാരണക്കാരൻ ഒരാൾ മാത്രം, വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിന്റെ രണ്ടാം ദിനം (1994 ഏപ്രിൽ 17) അവസാനിക്കുന്പോൾ ലാറ 320 റണ്‍സുമായി ക്രീസിൽ.
ക്രിക്കറ്റ് ലോകം ആ ഏപ്രിൽ 17 രാത്രി തള്ളിനീക്കിയത് ഒരു ചോദ്യംകൊണ്ട്, വിൻഡീസ് ഇതിഹാസമായ ഗാരി സോബേഴ്സിന്റെ 365 നോട്ടൗട്ട് റിക്കാർഡ് ലാറ മറികടക്കുമോ… കാരണം, 1958ൽ സോബേഴ്സ് കുറിച്ച റിക്കാർഡിലേക്ക് ലാറയ്ക്കുണ്ടായിരുന്നത് വെറും 46 റണ്‍സിന്റെ അകലം മാത്രം.
ലാറ 320 വരെ എത്തിയതാകട്ടെ ശക്തമായ പോരാട്ടത്തിലൂടെയും. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന നിലയിൽ നിന്നാണ് ലാറ, ജമ്മി ആഡംസിനും (59) കീത്ത് ആതർട്ടണിനും (47) ശിവനരെയ്ൻ ചന്ദർപോളിനുമൊപ്പം (75*) വിൻഡീസിനെ മുന്നോട്ട് നയിച്ചത്.
ആ രാത്രി…
രണ്ടാം ദിനം അവസാനിക്കുന്പോൾ ലാറയ്ക്കൊപ്പം ക്രീസിലുണ്ടായിരുന്നത് 41 റണ്‍സുമായി ചന്ദർപോളായിരുന്നു. ഏപ്രിൽ 17 വൈകുന്നേരം മുതൽ ലാറ ലോക റിക്കാർഡിനെക്കുറിച്ച് സംസാരിച്ചിരുന്നതായി ചന്ദർപോൾ പറഞ്ഞിട്ടുണ്ട്.
തനിക്കുപോലും ആ സമ്മർദം താങ്ങാനാകുന്നില്ലായിരുന്നെന്നും ചന്ദർപോൾ സാക്ഷ്യപ്പെടുത്തി. എന്നാൽ, ലാറ റിക്കാർഡിലേക്ക് ലക്ഷ്യംവച്ചുതന്നെയാണ് ആ രാത്രി തള്ളിനീക്കിയത്. കാരണം, ഏപ്രിൽ 18ന് പുലർച്ചെ നാല് മണിക്ക് ഉറക്കം നഷ്ടപ്പെട്ട് എഴുന്നേറ്റ ചന്ദർപോൾ കണ്ടത് കണ്ണാടിക്കു മുന്നിൽ നിന്ന് ഷോട്ടുകൾ പരിശീലിക്കുന്ന ലാറയെ ആയിരുന്നു…
ഉറച്ച തീരുമാനത്തോടെ മൂന്നാം ദിനം ക്രീസിലെത്തിയ ലാറ 347ൽ എത്തിയപ്പോൾ അല്പം പകച്ചു. 20 മിനിറ്റോളം 347ൽനിന്ന് മുന്നോട്ട് പോകാൻ ലാറയ്ക്കു സാധിച്ചില്ല. ഇംഗ്ലീഷ് പേസർ ആൻഗസ് ഫ്രേസർ ലാറയെ പ്രകോപിപ്പിച്ചെങ്കിലും ചെറു പുഞ്ചിരിമാത്രമായിരുന്നു മറുപടി.
ഒടുവിൽ കവറിലൂടെ ആൻഡി കാഡിക്കിനെ ബൗണ്ടറി കടത്തി ലാറ സോബേഴ്സിന്റെ 365ന് ഒപ്പമെത്തി. അടുത്ത ഓവറിൽ ക്രിസ് ലെവിസിന്റെ ബൗണ്‍സർ സ്ക്വയർ ലെഗിലൂടെ ബൗണ്ടറി കടത്തി ടെസ്റ്റിലെ വ്യക്തിഗത റിക്കാർഡ് സ്വന്തം പേരിലാക്കി.
മൈതാനത്തേക്ക് ആരാധകർ കുതിച്ചെത്തിയതോടെ മത്സരം ആറ് മിനിറ്റ് വൈകി… ലാറയെ പ്രശംസിക്കാൻ സോബേഴ്സും സന്നിഹിതനായിരുന്നു…
375 റൺസ് എന്ന ലാറയുടെ റിക്കാർഡ് 2003ൽ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡൻ (380) തിരുത്തി. എന്നാൽ, 2004 ഏപ്രിലിൽ 400 നോട്ടൗട്ടുമായി ലാറ വീണ്ടും റിക്കാർഡ് തിരിച്ചുപിടിച്ചു.
അനീഷ് ആലക്കോട്