സുനറ്റ് കെ വൈ
പത്തനാപുരം: കൊറോണക്കാലത്ത് വിദ്യാര്‍ഥികളില്‍ വേറിട്ട ബോധവത്കരണ പാഠങ്ങളുമായി കമുകുംചേരി ഗവ. ന്യൂ എല്‍ പി സ്കൂള്‍.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ നേരത്തെ അടച്ചെങ്കിലും വെറുതെ ഇരിക്കുവാന് ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ഥികളും തയാറല്ല.
സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണിവര്‍. എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയുള്ള വാട്സ്ആപ് ഗ്രൂപ്പില്‍ രണ്ടുദിവസം കൂടുമ്പോള്‍ പ്രഥമാധ്യാപകന് ആര് ഉല്ലാസിന്റെ നേതൃത്വത്തില്‍ ഒരു പ്രവര്‍ത്തനം നല്‍കും.
എങ്ങനെ കൈകള്‍ വൃത്തിയായി കഴുകണം മാസ്ക് ധരിക്കേണ്ടതെങ്ങനെ,കൊറോണ ബോധവത്കരണം എങ്ങനെ സാധ്യമാക്കാം തുടങ്ങിയ ടാസ്കുകള് ഗ്രൂപ്പില്‍ നല്‍കും.
വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കുചിതമായ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും.അധ്യാപകരുടെ നേതൃത്വത്തില്‍ ഓരോ കുട്ടിയുടെയും പ്രവര്‍ത്തനത്തെ വിലയിരുത്തി ഗ്രേഡുകള്‍ നിര്‍ണയിക്കും.
അവധിക്കാല വിനോദമെന്ന് കുട്ടികള്‍ ഇത് വെറുതേ ചെയ്യേണ്ടതില്ല.
മികച്ച ഗ്രേഡുകള്‍ നേടുന്നവര്‍ക്ക് സ്കൂള്‍ അധികൃതരുടെ പ്രോത്സാഹന സമ്മാനവുമുണ്ട്. അധ്യയനം ആരംഭിക്കുന്ന സമയത്ത് സ്കൂള്‍ ബാഗ്, കുട, മറ്റ് പഠനോപകരണങ്ങള്‍, യൂണിഫോം തൈയ്ക്കുന്നതിനുള്ള ധനസഹായം എന്നിങ്ങനെ നല്‍കും.
രോഗഭീഷണിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ ഇത് ആശ്വാസമാകുമെന്നതിനാല്‍ അവരും കുട്ടികള്‍ക്ക് പ്രോത്സാഹനമായി ഒപ്പമുണ്ട്.
വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന മികവാര്‍ന്ന പ്രവര്‍ത്തനം സ്കൂളിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്യും. കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റര് ആര് ഉല്ലാസ് പറഞ്ഞു.