പൂച്ചാക്കൽ: വിരുന്നുവന്ന കുരങ്ങുകൾക്ക് ലോക്ക് ഡൗൺ കെണിയുമായി വനം വകുപ്പ് രംഗത്ത്. മരക്കൊമ്പുകളിലും വീട്ടുമുറ്റത്തും വിലസി നടന്ന കുരങ്ങുകളെ കുടുക്കാൻ കെണി ഒരുക്കി കാത്തിരിക്കുകയാണ് വനം വകുപ്പും നാട്ടുകാരും.
പൂച്ചാക്കൽ ഒരാഴ്ചക്കാലമായി കുരങ്ങുകളെ കാണാൻ തുടങ്ങിയിട്ട്. ആദ്യം കൗതുകമായി തോന്നിയെങ്കിലും പിന്നിട് സമീപ വീടുകളിൽ ശല്യം തുടങ്ങിയതോടെ നാട്ടുകാരും പഞ്ചായത്തംഗം എൻ.പി. പ്രദീപിന്റെയും നേതൃത്വത്തിൽ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കുരങ്ങുകൾ എവിടെനിന്ന് എത്തിയതാണ് എന്ന് ഒരു വിവരവും ഇല്ല. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചിട്ടും യാതൊരു രക്ഷയുമില്ല. ഇതെ തുടർന്നാണ് റാന്നി റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തിയത്. കൂട് സ്ഥാപിച്ച് കുരങ്ങിനെ ആകർഷിക്കാൻ അതിനകത്ത് പൈനാപ്പിൾവച്ച് കാത്തിരിക്കുകയാണ്.
ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ നിതേഷ്, എഫ്. യേശുദാസൻ, അജയകുമാർ, പി. സഞ്ജു കുമാർ, പി.ആർ. സജി, സമീപവാസികളായ സജീവ്, മനോജ് ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.