മാഡ്രിഡ്: കോവിഡ്-19 ആഞ്ഞടിച്ചതോടെ ലോകമെങ്ങും വ്യവസായ രംഗത്ത് തകർച്ചയാണ്. സ്പെയിനിലും ഇതു തന്നെയാണ് സ്ഥിതി. എന്നാൽ, രോഗം മൂലം മരണസംഖ്യ പെരുകിയതോടെ സ്പെയിനിൽ ശവപ്പെട്ടി നിർമാണം തകൃതിയായെന്നു കണക്കുകൾ പറയുന്നു.
നേരത്തെ ചൈനയിൽനിന്നു ശവപ്പെട്ടി ഇവിടേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു കൂടുതലും.
എന്നാൽ, രോഗം പിടിമുറുക്കിയതോടെ ശവപ്പെട്ടികൾ എത്തിക്കാനാവാതായി. അതോടെയാണ് പ്രാദേശികമായി ഇവയുടെ നിർമാണം ഊർജിതമായത്. കോവിഡ് മരണം വിതച്ച എല്ലാ രാജ്യങ്ങളിലും തന്നെ ഇതാണ് സ്ഥിതി. സ്ഥിരമായി ശവപ്പെട്ടി നിർമാണം നടത്തിയിരുന്ന പലരും ജോലി സമയം വർധിപ്പിച്ചു കഴിഞ്ഞു.
കൂടുതൽ അലങ്കാരങ്ങളൊക്കെ ഒഴിവാക്കി ലളിതമായി പെട്ടെന്നു നിർമിക്കാവുന്ന തരം പെട്ടികളാണ് കൂടുതലായിതയാറാക്കുന്നത്. സ്പെയിനിൽ 551 പേരാണ് വ്യാഴാഴ്ച മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ പത്തൊന്പതിനായിരം കടന്നു. അതേസമയം, രണ്ടാഴ്ചയായി മരണസംഖ്യയും രോഗബാധയും കുറയുന്നതു പ്രത്യാശ പകർന്നിട്ടുണ്ട്.
അതിരു കടന്ന് ഷോപ്പിംഗ് വേണ്ട
ബേണ്: രാജ്യാതിർത്തി കടന്ന് ആരും ഷോപ്പിംഗിനു പോകുകയോ വരുകയോ വേണ്ടെന്ന് സ്വിസ് സർക്കാർ. അതിർത്തികൾ അടയ്ക്കേണ്ടതില്ലെന്ന മുൻ തീരുമാനം മാറ്റി മാർച്ച് 15ന് സ്വിറ്റ്സർലൻഡ് രാജ്യാതിർത്തികളെല്ലാം അടച്ചിരുന്നു.
എങ്കിലും പൗരൻമാർക്കും താമസക്കാർക്കും അതിർത്തി കടന്നു ജോലിക്കു പോകുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഈ മൂന്നു വിഭാഗങ്ങളിൽ ഏതിലെങ്കിലുംപെടുന്ന പലരും പാസ് കാണിച്ചു നിസാര ആവശ്യങ്ങൾക്ക് അതിർത്തി കടന്നു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു പുതിയ നിയന്ത്രണം. ആകെ രോഗബാധിതരുടെ എണ്ണം 27,000 കവിഞ്ഞു. അതേസമയം മരിച്ചവരുടെ സംഖ്യ 1,300 ആയി.
കെയർഹോമുകളിലെ മരണത്തിന്റെ കണക്കെടുക്കും
റോം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കെയർ ഹോമുകളിലെ സംശയാസ്പദമായ മരണങ്ങൾ സംബന്ധിച്ച് ഇറ്റാലിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
യൂറോപ്പിലെതന്നെ ഏറ്റവും വലിയ കെയർഹോമുകളിലൊന്നു സ്ഥിതിചെയ്യുന്ന മിലാനിലേക്കാണ് അന്വേഷണം. ഇരുനൂറോളം പേർ ഇവിടെ ഒറ്റ കെയർ ഹോമിൽ മരിച്ചു.
ഈ സ്ഥാപനത്തിന്റെ ലൊംബാർഡിയിലെ ആസ്ഥാനത്തുനിന്ന് അധികൃതർ ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മറച്ചുവയ്ക്കപ്പെട്ടെന്നാണു പ്രധാന സംശയം. രാജ്യത്താകമാനം 21,500 പേർ രോഗം ബാധിച്ചു മരിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്.
എന്നാൽ, ഇത് ആശുപത്രികളിൽ മരിച്ചവരുടെ എണ്ണം മാത്രമാണ്. കെയർഹോമുകളിലെ മരണസംഖ്യ കൂടി കണക്കിലെടുത്താൽ ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.
പ്രത്യേക അധികാരങ്ങൾ അനുവദിച്ചു
സ്റ്റോക്ക്ഹോം: കൊറോണ വൈറസിനെ നേരിടാനുള്ള പോരാട്ടത്തിനു കരുത്തു പകരാൻ സ്വീഡിഷ് സർക്കാരിനു പ്രത്യേക അധികാരങ്ങൾ നൽകാനുള്ള ബില്ലിനു സ്വീഡനിലെ പാർലമെന്റ് അംഗീകാരം നൽകി.
വ്യവസായ സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാനും ആൾക്കൂട്ടങ്ങൾ നിരോധിക്കാനും വിമാനത്താവളങ്ങളും തുറമുഖങ്ങളും പൂട്ടാനും സർക്കാരിന് ഇതുവഴി അധികാരം ലഭിക്കും.
പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ പാസാക്കിയെടുത്തത്.ഇവിടെ ആകെ മരണം 1400 കടന്നു.രോഗബാധിതരുടെ എണ്ണം 13,000 കടന്നു.
ആശങ്ക ഒഴിയാതെ ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിലെ ലോക്ക്ഡൗണ് മേയ് ഏഴുവരെ നീട്ടിയതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
കൊവിഡ് ബാധ ഇപ്പോഴത്തെ നിലയിൽ തുടരുകയാണെങ്കിൽ ബ്രിട്ടനിൽ 40,000 പേർ വരെ മരിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥർ ബ്രിട്ടനു മുന്നറിയിപ്പ് നൽകി.
അതിനാൽ നിയന്ത്രണങ്ങൾ ഏതാനും ആഴ്ചകൂടി നിലനിർത്താനാണ് സാധ്യത. രാജ്യത്തെ ആകെ കൊറോണ മരണം 13,700 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിമൂവായിരവും കടന്നു.
ഒരാഴ്ച മുൻപ് ബ്രിട്ടനിലെ വൈറസ് ബാധ പരമാവധിയിലെത്തിയെന്ന വിലയിരുത്തൽ വന്നിരുന്നു. എന്നാൽ, അതിനെ തള്ളുന്നതാണ് പുതിയ കണക്കുകൾ. യൂറോപ്പിന്റെ ആകെ ആശ്വാസം കെടുത്തുന്നതാണു യുകെയിലെ സ്ഥിതിഗതികളെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
ബ്രിട്ടന്റെ അവസ്ഥ യൂറോപ്യൻ നയങ്ങൾ രൂപപ്പെടുത്തുന്നതിനു വിഘാതമായി നിൽക്കുകയാണെന്ന് ഓസ്ട്രിയയും പ്രതികരിച്ചു. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയും സ്പെയ്നും അടക്കമുള്ള രാജ്യങ്ങളിൽ ശുഭസൂചനകൾ ലഭ്യമായിത്തുടങ്ങിയിട്ടും യുകെയിൽ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല.
40 ശതമാനം കഫേകളും എന്നേക്കുമായി അടയും!
മാർച്ച് 15 മുതൽ ഫ്രാൻസിലെ കഫേകളും ബാറുകളും റസ്റ്ററന്റുകളും അടച്ചിരിക്കുകയാണ്. അതിൽ 40 ശതമാനം വരെ ഇനി തുറക്കാനേ സാധ്യതയില്ലെന്നു ഫ്രാൻസിലെ കഫെ, ബിസ്ട്രോ ഉടമകൾ മുന്നറിയിപ്പ് നൽകി.
ഫ്രാൻസിലെ അവിഭാജ്യഘടകമാണ് കഫേകളും ബിസ്ട്രോകളും. അതാവട്ടെ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച സാംസ്കാരിക സ്വത്തിന്റെ ഭാഗമാണ്. വിനോദസഞ്ചാരികളെ ആശ്രയിച്ചാണ് ഇവയിൽ ബഹുഭൂരിപക്ഷത്തിന്റെയും പ്രവർത്തനം.
ആയിരക്കണക്കിനു വിനോദ സഞ്ചാരികൾ ഇതിനകം യാത്രകൾ റദ്ദാക്കി. ഇനി എത്ര കാലം കഴിഞ്ഞാണ് സഞ്ചാരികൾ വീണ്ടുമെത്തിത്തുടങ്ങുകയെന്നത് ആർക്കും നിശ്ചയമില്ല. ആ സാഹചര്യത്തിൽ ലോക്ക് ഡൗൺ കഴിഞ്ഞാലും കഫേകൾ തുറക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഉടമകളുടെ വാദം.
രാജ്യത്തെ കാറ്ററിംഗ് ഒരു ദശലക്ഷം ജോലികളെ പ്രതിനിധീകരിക്കുന്നുണ്ട്. സർക്കാർ സഹായിച്ചില്ലെങ്കിൽ 40,000 മുതൽ 50,000 വരെ കന്പനികൾ പാപ്പരാകുമെന്നു ഹോസ്പിറ്റാലിറ്റി യൂണിയൻ ലീ പാരിസിയൻ പറഞ്ഞു.
ഇംഗ്ലണ്ട്, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി കെയർ ഹോമുകളിൽ മരിക്കുന്നവരുടെ എണ്ണംകൂടി ഫ്രാൻസ് ഇപ്പോൾ ഒൗദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തുന്നുണ്ട്.