കൊച്ചി: ലോക്ക് ഡൗണിന്റെ കടമ്പകള്‍ താണ്ടി തമിഴ്നാട്ടിൽനിന്നു കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചു ഹൃദയശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ പിഞ്ചോമന സുഖംപ്രാപിക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം 48 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന കുഞ്ഞിനെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റി.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്നുതന്നെ മുറിയിലേക്കു മാറ്റാനാകുമെന്നാണു പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
നാഗര്‍കോവില്‍ സ്വദേശിനിയായ യുവതി വിഷുദിനത്തില്‍ രാവിലെയാണു നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ പെൺകുഞ്ഞിനു ജന്മം നല്‍കിയത്.
ജനിച്ച ഉടന്‍ ശരീരത്തില്‍ നീലനിറം പടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 15നായിരുന്നു ശസ്ത്രക്രിയ.
ഏഴു മണിക്കൂര്‍കൊണ്ടാണ് ലിസി ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്.
രണ്ടു ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടത്തിയത്.