തൃശൂർ: ഒരു സീറ്റിൽ ഒരാൾ എന്ന നിയന്ത്രണം പാലിച്ചുകൊണ്ട് ബസ് സർവീസ് നടത്താനാവില്ലെന്ന് ബസുടമകൾ. യാത്രക്കാരെ കയറ്റുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം വൻ സാന്പത്തിക നഷ്ടമുണ്ടാക്കും.
ഒരു ബസിൽ പതിനഞ്ചു യാത്രക്കാരെ മാത്രമേ കയറ്റാനാകൂ. ഇത്രയും യാത്രക്കാരുമായി ബസ് ഓടിക്കണമെങ്കിൽ സർക്കാർ സഹായം തരേണ്ടിവരും.
തൊഴിലാളികളുടെ കൂലി സർക്കാർ ഏറ്റെടുക്കണമെന്നാണ് ബസുടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഡീസലിനും ബസിന്റെ അറ്റകുറ്റപ്പണിക്കുമുള്ള വരുമാനംപോലും ഇങ്ങനെ സർവീസ് നടത്തിയാൽ കിട്ടില്ല. ലോക്ക്ഡൗണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കിത്തരണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
ബസ് മാറ്റിയിടാനും ശുചീകരിക്കാനും കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്നു ബസുകൾ മാറ്റിയിടുകയും ശുചീകരിക്കുകയുമാണ്.
ഇരുപതു യാത്രക്കാരുമായി 30 കിലോമീറ്റർ വരെ ഓടിക്കാനാണ് അനുമതി. രണ്ടു ജീവനക്കാരുടെ പ്രതിഫലംതന്നെ 2,200 രൂപ വരും. ടാക്സ്, ഇൻഷ്വറൻസ് എന്നിവ വേറെയും വരും. ഒരു ദിവസം ബസ് ഓടിക്കാൻ 60 ലിറ്റർ ഡീസൽ വേണ്ടിവരും.
ഇതിന് നാലായിരം രൂപയോളം ചെലവു വരും. നാലു ട്രിപ്പാണ് ഓടിക്കാനാകുക. ഓരോ സർവീസിൽനിന്നും 250 രൂപയേ പിരിഞ്ഞുകിട്ടൂ. എട്ടു സർവീസുകളിൽനിന്ന് രണ്ടായിരം രൂപയാണു വരുമാനം.
തേയ്മാന ചെലവ് അടക്കം ദിവസം പതിനായിരത്തിലേറെ ചെലവു വരുമെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് പറഞ്ഞു.