പത്തനംതിട്ട: വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ എക്സൈസ് വകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍കുമാര്‍ പറഞ്ഞു.
തുറസായ പ്രദേശങ്ങള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, വയലുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വാറ്റ് കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുന്നതിനായാണ് എക്സൈസ് വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കോന്നി, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല, ചിറ്റാര്‍ റേഞ്ച് പരിധിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ചുമതലയിലാണു ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്.
പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വള്ളിക്കോട് പാടശേഖരം, കൊടുമണ്‍ പ്ലാന്റേഷന്, കടവുപുഴ, അടൂര്‍ മാങ്കോട് പാടം, വെള്ളംതെറ്റി വാണിയംപാറ, യൂക്കാലിപ്സ് എന്നിവിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. എക്സൈസ് സിഐമാരായ കെ. മോഹനന്, ജി. പ്രശാന്ത്, ഇ.കെ. റെജിമോന് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.