കൊച്ചി: കോവിഡ് ഭീഷണിയുടെ കാലത്ത് മനുഷ്യ ഇടപെടല്‍ ഇല്ലാതെ നിര്‍മിത ബുദ്ധിയുപയോഗിച്ച് ശരീരോഷ്മാവടക്കം പരിശോധിച്ചു നിരീക്ഷണം നടത്തുന്ന ഡ്രോണ്‍ (യുഎവി) ഗരുഡ് വികസിപ്പിച്ച് കളമശേരി മേക്കര്‍വില്ലേജിലെ കമ്പനി.
അടിയന്തര വസ്തുക്കള്‍ എത്തിക്കാനും അണുനാശിനി തളിക്കാനും ഇതിനു കഴിയും. എഐ ഏരിയല്‍ ഡൈനാമിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണു തദ്ദേശീയമായി അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യുഎവി) വിഭാഗത്തില്‍പെട്ട ഗരുഡ് എന്ന ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്.
അടച്ചിടലിനെത്തുടര്‍ന്ന് റോഡുകള്‍ ഇടവഴികള്‍, വാസസ്ഥലങ്ങള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ ഗരുഡിനാകുമെന്നു കമ്പനി അവകാശപ്പെടുന്നു.
തെര്‍മ്മല്‍ ഡാറ്റാ സമ്പാദനം, എഡ്ജ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളുടെ വ്യാപനം അറിയാന്‍ സാധിക്കും. ലോക്ക് ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വിവിധ ഡ്രോണുകളുമായി കേരള പോലീസിനെ സഹായിച്ചതും ഗരുഡാണ്.
അടിയന്തര ഘട്ടങ്ങളില്‍ മനുഷ്യ ഇടപെടലില്ലാതെ സ്രവങ്ങളുടെയും മറ്റ് പരിശോധനകള്‍ക്കായുള്ള സാംപിളുകള്‍ ശേഖരിക്കാം. വിശാലമായ സ്ഥലത്ത് ആകാശത്തു നിന്നു തന്നെ അണുനാശിനി തളിക്കാനുള്ള ആധുനിക സ്പ്രേയര്‍ സംവിധാനവും ഇതിനുണ്ട്. ഗരുഡിലുള്ള സ്പീക്കറിലൂടെ പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും.
നിര്‍മിത ബുദ്ധിയുപയോഗിക്കുന്ന എന്ജിന്, കൂടിയ റെസല്യൂഷണിലുള്ള കാമറ, ഭാരം വഹിക്കല്‍, മൈക്രോ സ്പ്രേയര്‍, തെര്‍മല്‍ സ്കാനര്‍ എന്നിവയും ഇതിലുണ്ടെന്നു കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ വിഷ്ണു വി. നാഥ് പറഞ്ഞു. ഒരു സെന്റിമീറ്ററിലുള്ള കാര്യങ്ങള്‍ പോലും തിരിച്ചറിയാനുള്ള ശേഷി ഈ ഡ്രോണിനെ വ്യത്യസ്തമാക്കുന്നു.
കാമറയിലെ ദൃശ്യങ്ങള്‍ തത്സമയം ഓപ്പറേറ്റിംഗ് കേന്ദ്രത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ബാറ്ററി തീര്‍ന്നാലോ റേഞ്ച് പോയാലോ യാത്രയാരംഭിച്ച സ്ഥലത്തുതന്നെ സ്വയം തിരികെയെത്തും. രണ്ടര മണിക്കൂറാണ് ബാറ്ററിയുടെ ശേഷി. ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ പൂര്‍ണമായും ഓട്ടോമേഷനിലാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.