ഇരിങ്ങാലക്കുട: കൂടൽമാണിക്യം മേഘാർജുനന്റെ കുറുന്പ് അല്പ സമയം ആശങ്കയേകി. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് ഏറെ നാളായി കെട്ടിയിട്ടിരുന്ന ആനയെ നടത്തിക്കുന്നതിനു വേണ്ടി പാപ്പാൻ ബിജുവിന്റെ നേതൃത്വത്തിൽ പുറത്തേക്ക് ഇറക്കിയത്.
എന്നാൽ, കുട്ടൻകുളത്തിനു സമീപം ആന പാപ്പാന്റെ നിയന്ത്രണത്തിൽ നിന്നും മാറുകയായിരുന്നു.
പിന്നീട് കുറെ സമയം റോഡിൽ അനുസരണകേടു കാട്ടി നിന്നിരുന്ന ആനയെ അവസാനം പാപ്പാൻ നിയന്ത്രണ വിധേയമാക്കി ആനതാവളത്തിലേയ്ക്കു കൊണ്ടുപോവുകയായിരുന്നു.
നാശനഷ്ടങ്ങളോ ആളപായമോ ആന വരുത്തിയിട്ടില്ല. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, താസിൽദാർ ഐ.ജെ. മധുസൂദനൻ, എസ്ഐ പി.ജി. അനൂപ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.