ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്കും ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ചികിത്സാ സൗകര്യമൊരുക്കി ജില്ലയിലെ ആരോഗ്യ വിഭാഗം.
ജില്ലയിലെ ഒന്‍പതു നിയോജക മണ്ഡലങ്ങളിലും ഗൃഹസന്ദര്‍ശനം അടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ പ്രവര്‍ത്തനത്തിനാണ് തുടക്കമായത്. മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടേയും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് ഇതിനു പിന്നിലെന്നും രോഗത്തിനെതിരേ ഇനിയുള്ള ദിവസങ്ങളിലും ശക്തമായ ജാഗ്രത തന്നെ തുടരണമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിൽ ഓരോ മണ്ഡലങ്ങളിലും ഒരു മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാവും. കുട്ടനാടിന്റെ വിസ്തീര്‍ണവും പ്രത്യേക ഭൂപ്രകൃതിയും കണക്കിലെടുത്ത് ഇവിടെ രണ്ട് മെഡിക്കല്‍ ടീമുകളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ആകെ പത്തു മൊബൈല്‍ ഹെല്‍ത്ത് ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക. ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരെ കൂടാതെ ജില്ലാ കുടുംബ സമിതി എന്ന എന്‍ജിഒ നിയോഗിച്ചിരിക്കുന്ന ഹിന്ദി സംസാരിക്കുന്ന ഒരാളും മെഡിക്കല്‍ സംഘത്തിലുണ്ടാവും.
ലോക്-ഡൗണ്‍ മൂലം പല പ്രദേശങ്ങളിലും ആളുകള്‍ വീടുവിട്ട് പുറത്തേക്ക് ഇറങ്ങാത്തതും പല മരുന്നുകളുടേയും ലഭ്യതക്കുറവും കണക്കിലടുത്താണ് മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ സേവനം ജനങ്ങള്‍ക്കായി ഉറപ്പു വരുത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു.
വീടുവിട്ട് പുറത്തു പോകാന്‍ സാധിക്കാത്ത ഹൃദ്രോഗികള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്കു മൊബൈല്‍ ഹെല്‍ത്ത് ടീമിന്റെ സേവനം ഏറെ ആശ്വാസകരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ആര്. രാധാകൃഷ്ണന്, സന്തോഷ് കുമാര്‍, ജ്യോതിഷ്, സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.