കോട്ടയം/ചങ്ങനാശേരി: ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ കോട്ടയം നഗരം ഉണർന്നു തുടങ്ങി. ജില്ലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഇന്നു തുറന്നു പ്രവർത്തിക്കുന്നതു ശുചീകരണങ്ങൾക്കു വേണ്ടിയാണ്.
ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും തുറന്ന ശേഷം ഇവിടങ്ങൾ അണുവിമുക്തമാക്കി വരികയാണ്. ഇതിനുശേഷം മാത്രമേ നാളെ മുതൽ കച്ചവടസ്ഥാപനങ്ങൾ തുറന്നു വ്യാപാരം നടത്താൻ അനുവദിച്ചിട്ടുള്ളു.
അതേസമയം റോഡിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഭൂരിഭാഗം സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങിയിട്ടുണ്ട്. ജില്ലയിലെ വിവിധ റോഡുകളിലുണ്ടായിരുന്ന പോലീസ് പരിശോധനയും ഇന്നു രാവിലെ മുതൽ പിൻവലിച്ചിട്ടുണ്ട്.
അതേസമയം ഗ്രീൻ സോണിൽപ്പെട്ട കോട്ടയം ജില്ലയിൽ ഇളവുകൾ നടപ്പിൽ വരുന്നത് ഇന്നോ നാളെയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാത്തതാണ് ജനങ്ങൾ കൂടുതലായി നിരത്തുകളിൽ ഇറങ്ങാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
ലോക്ക് ഡൗണ്‍ ഇളവുകൾക്കുശേഷം ഇന്നു തുറന്നിരിക്കുന്ന സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം അടയ്ക്കണമെന്നും നാളെ മുതൽ മാത്രമേ കടകളിൽ വ്യാപാരം നടത്താൻ അനുമതിയുള്ളുവെന്നും പോലീസ് അറിയിച്ചു.
അതേസമയം, ലോക് ഡൗണ്‍ ഇളവുകൾ കോട്ടയം ജില്ലയിൽ നാളെ നിലവിൽ വരുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചിട്ടുണ്ട്. ജില്ല തുറന്നുകൊടുക്കുന്പോൾ ചങ്ങനാശേരിയുടെ പത്തനംതിട്ട, ആലപ്പുഴ ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലാ അതിർത്തിയായ പെരുന്തുരുത്തി, ഇടിഞ്ഞില്ലം, പായിപ്പാട്, നെടുങ്ങാടപ്പള്ളി, ആലപ്പുഴ ജില്ലാ അതിർത്തിയായ കിടങ്ങറ, മുളയ്ക്കാംതുരുത്തി എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന ഉൗർജിതമാക്കുന്നത്.
പെരുന്തുരുത്തിയിലും പായിപ്പാട്ടും തൃക്കൊടിത്താനം പോലീസും ഇടിഞ്ഞില്ലം, കിടങ്ങറ, മുളയ്ക്കാംതുരുത്തി എന്നിവിടങ്ങളിൽ ചങ്ങനാശേരി പോലീസും നെടുങ്ങാടപ്പള്ളിയിൽ കറുകച്ചാൽ പോലീസുമായിരിക്കും പരിശോധനകൾ നടത്തുന്നത്.
തിരുവാർപ്പ്, വെളിയന്നൂർ ഹോട്ട് സ്പോട്ടുകൾ
കോട്ടയം: ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ രണ്ടു ഹോട്ട്സ്പോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവാർപ്പ്, വെളിയന്നൂർ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ടുകളാക്കി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഴ്ചകൾ തോറുമുള്ള ഡേറ്റ വിശകലനത്തിനുശേഷമായിരിക്കും പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളിൽ നിന്നും ഒഴിവാക്കുക.