അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ഈ വർഷമാദ്യം തിളങ്ങിയ താരമാണ് ബിജു മേനോൻ. ചിത്രത്തിൽ സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരായി ഗംഭീര പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്.
ബിജു മേനോനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ തിളങ്ങിയിരുന്നു. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ബിജു മേനോന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു അയ്യപ്പനും കോശിയും.
ചിത്രത്തിലെ പോലീസ് കഥാപാത്രമായ അയ്യപ്പൻ നായർക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. അതേസമയം കേരള പോലീസിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ടുളള ബിജു മേനോന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യം മുഴുവൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ ഏറെ ശ്രമകരമായ ജോലി ചെയ്യുന്നവരാണ് പോലീസുകാരും.
രാപ്പകലില്ലാതെ ഇത്തരം സേവനങ്ങൾ ചെയ്യുന്ന പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടാണ് ബിജു മേനോൻ എത്തിയിരിക്കുന്നത്.
മൃദുഭാവത്തോടും കർത്തവ്യ ബോധത്തോടും മുൻ കരുതലോടും കൂടി നാടിന്റെ രക്ഷയ്ക്കായ് പണിയെടുക്കുന്ന കേരളത്തിലെ ഒാരോ പോലീസുകാരനും ആരോഗ്യ പ്രവർത്തകനും അവരുടെ കൂടുംബത്തിനും എന്റെ നിസ്വാർഥമായ നന്ദി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വീഡിയോ ബിജു മേനോൻ പങ്കുവച്ചിരിക്കുന്നത്.
ഒരു യാത്രയ്ക്കായുളള പാസിനായി തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിൽ നടൻ എത്തുന്നതും ഇതിനിടെ തിരിച്ചറിയുന്ന പോലീസിന്റെ സേവനങ്ങളെക്കറിച്ചുമാണ് വീഡിയോയിൽ കാണിക്കുന്നത്.
ഒരു യാത്രാ പാസിനായാണ് കമ്മീഷണർ ഓഫീസിലേക്ക് താൻ ചെന്നതെന്ന് വീഡിയോയിൽ ബിജു മേനോൻ പറയുന്നു. കുട്ടിക്കാലത്ത് പോലീസ് ഒരു വികാരമായിരുന്നു.
അറിയാതെ ഞാനും എന്റെ സിനിമയിലെ അയ്യപ്പൻ നായർ എന്ന പോലീസുകാരനെ ഓർത്തുപോയി. നാടിന്റെ രക്ഷകരാകുന്ന കേരള പോലീസിന് എന്റെ ഒരു ബിഗ് സല്യൂട്ട്- വീഡിയോയിൽ ബിജു മേനോൻ പറഞ്ഞു.
പോലീസുകാരുടെ സേവനങ്ങൾക്കുളള സല്യൂട്ട് നൽകിയും ലോക്ക്ഡൗണ് കാലത്ത് എല്ലാവരോടും വീട്ടിലിരിക്കാനുളള നിർദ്ദേശവും നൽകിയാണ് മൂന്ന് മിനിറ്റോളമുളള വീഡിയോ അവസാനിക്കുന്നത്.
പോലീസിന്റെയും മറ്റു പ്രവർത്തകരുടെയും ആത്മസമർപണത്തോടെ ഈ കാലവും നമ്മൾ അതിജീവിക്കുമെന്ന് വീഡിയോയിൽ ബിജു മേനോൻ പറഞ്ഞു.