![](https://www.rashtradeepika.com/library/uploads/2020/04/jack-fruit.jpg)
കുളത്തുപ്പുഴ : കൊറോണയും ലോക്ക്ഡൗണു മെത്തിയതോടെ ചക്കക്ക് പ്രതാപകാലം. മത്സ്യത്തിന്റെയും പച്ചക്കറിയുടെയും ലഭ്യത കുറഞ്ഞതോടെ ഗ്രാമീണ വീടുകളിലെ അടുക്കളകളിൽ ചക്ക വീണ്ടുമെത്തി. ആഴ്ചകൾക്കു മുമ്പാണ് ചക്കയ്ക്ക് പ്രിയമേറാൻ തുടങ്ങിയത്.
അടർത്താനാളില്ലെന്ന പഴിയും പറഞ്ഞ് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർക്ക് നിസാര വിലയ്ക്കാണ് ചക്ക നൽകുന്നത്. അതിർത്തി കടന്നു പോകുന്ന ചക്ക പിന്നീട് പല ഉല്പന്നങ്ങളായി നാട്ടിലേക്കു തന്നെ മടങ്ങി വരുന്നു. ലോക്ക്ഡൗണും യാത്രാ നിരോധനവും വന്നതോടെ ജോലിയില്ലാതെ വീട്ടിലിരിക്കുന്നവർക്ക് ചക്ക അനുഗ്രഹമായി.
പലവിധ ചക്ക വിഭവങ്ങൾ ഉണ്ടാക്കാൻ കുടുംബത്തിൽ തന്നെ ഏറെ പേർ. പുറമെ നിന്നെത്തുന്ന സാധനങ്ങൾക്ക് വിലയേറിയതും പച്ചക്കറിക്ക് കുറവുണ്ടാക്കിയതും വീട്ടമ്മമാരുടെ കണ്ണ് പറമ്പിലെ ചക്കയിൽ പതിയാൻ ഇടയായി. ഒരു കാലത്ത് മലയാളിയുടെ മുഖ്യ ആഹാരമായിരുന്നു കപ്പയും ചക്കയും. കാലാന്തരത്തിൽ മലയാളിയുടെ ഭക്ഷണക്രമത്തിൽ നിന്ന് ഇവ രണ്ടും മാറി.
ഇപ്പോൾ തിരിച്ചു വരവിലാണ്. അധിക വില നൽകാതെ മായമില്ലാതെ ലഭിക്കുന്ന ചക്കയെക്കുറിച്ച് മലയാളിക്ക് തിരിച്ചറിവുണ്ടാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾ എത്താതിരിക്കുന്നതും ചക്കയ്ക്ക് പ്രിയമേറ്റുന്നു.
സ്കൂളുകൾ ഇല്ലാത്തതിനാൽ കുട്ടികളും ചക്ക പണിയിൽ മുഴുകുന്നു. അയൽവാസികളായ വീട്ടമ്മമാർ ചേർന്ന് പ്ലാവിൽ നിന്ന് ചക്കയിട്ട് പങ്കിട്ടെടുക്കുന്നത് ഗ്രാമങ്ങളിൽസൗഹൃദത്തിൻ്റെ പുതിയ രുചിക്കൂട്ട് തീർക്കുന്നു.പുഴുക്ക്, ചിപ്സ്, അവിയൽ, ചക്ക പായസം തുടങ്ങിയ വിഭവങ്ങൾ നാട്ടിൻ പുറങ്ങളിലെ അടുക്കളകളിൽ റെഡിയാണ്.
മനം നിറയ്ക്കുന്ന വിഭവങ്ങൾക്കിടയിൽ ചക്കക്കുരു ജ്യൂസ് വൈറലായിരിക്കുകയാണ്. രുചിയിൽ ബദാം ഷേയ്ക്കിനെ മറികടക്കുന്ന തരത്തിൽ പുഴുങ്ങിയ ചക്കക്കുരു കൊണ്ടുണ്ടാക്കിയ ജ്യൂസ് ഏറെ പ്രാധാനമാണ്.ഇതോടെ രാജയോഗം കൈവന്നിരിക്കുകയാണ് ചക്കയ്ക്കും ചക്കക്കുരുവിനും.