വാഷിംഗ്ടൺ ഡിസി: കോവിഡ്-19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ വിദേശികൾക്ക് താൽക്കാലിക പ്രവേശന വിലക്കുമായി അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ലക്ഷ്യമിട്ടാണ് തീരുമാനം.
രാജ്യം ഒരു അദൃശ്യശക്തിയുമായുള്ള പോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് ആവശ്യകതയാണ്. വിദേശികൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഉടൻ ഒപ്പിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
യുഎസ് കോവിഡ് വൈറസ് വ്യാപനം കൂടുന്നതിനിടെയാണ് ട്രംപിന്റെ തീരുമാനം. ഏതൊക്കെ വീസകൾക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
യുഎസിൽ ഇതുവരെ ഏഴര ലക്ഷത്തിലധികം പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. മരണം 41,000 പിന്നിട്ടു. മരിച്ചവരിൽ പകുതിയിലധികവും ന്യൂയോർക്കിലുള്ളവരാണ്. രോഗബാധിതരുടെ സംഖ്യ ന്യൂയോർക്കിൽ രണ്ടരലക്ഷം ആകുന്നു.
മലയാളികൾ കൂടുതലായുള്ള ന്യൂജേഴ്സിയിൽ കോവിഡ് ബാധിതർ 90,000 ആയി.