കരുനാഗപ്പള്ളി: പിക്കറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനുനേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. കുലശേഖരപുരം കുഴുവേലിമുക്കിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കല്ലെറിഞ്ഞത്. കാലിന് ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം എആർ ക്യാമ്പിലെ പോലീസുകാരൻ വിശാന്തിനാണ് പരിക്കേറ്റത്.
മാസങ്ങൾക്ക് മുമ്പ് ഈ സ്ഥലത്തിന് സമീപം ഒരു കൊലപാതകം നടന്നിരുന്നു. ഇതെ തുടർന്നാണ് സ്ഥലത്ത് പോലീസ് പിക്കറ്റ് ഇട്ടത്. കല്ലെറിഞ്ഞയിടത്ത് ഞായറാഴ്ച വൈകുന്നേരം മുതൽ ബൈക്കിൽ രണ്ടു യുവാക്കൾ കറങ്ങി നടക്കുന്നുണ്ടായിരുന്നു.
രാത്രിയോടെ വീണ്ടും ബൈക്കിലെത്തിയ യുവാക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനുമായി വാക്കുതർക്കമുണ്ടായി. ഇവർ തിരിച്ചുവരുമ്പോൾ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും മറ്റൊരു വഴിയിലൂടെ സ്ഥലം വിട്ടു. പിന്നീടാണ് മറ്റൊരുളായി എത്തി കല്ലെറിഞ്ഞത്.
കാലിന് സാരമായി പരിക്കേറ്റ വിശാന്തിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് യുവാക്കൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇവരെ തിരിച്ചറിഞ്ഞതായാണ് വിവരം. പോലീസ് അന്വേഷണം നടത്തുകയാണ്.