കാസര്‍ഗോഡ്: ആദ്യദിനങ്ങളിലെ രോഗവ്യാപനത്തിന്റെ ഞെട്ടിക്കുന്ന വ്യാപ്തിയില്‍ നിന്ന് വളരെ പെട്ടെന്നു തന്നെ രോഗമുക്തിയുടെ ആശ്വാസദിനങ്ങളിലേക്കെത്താന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാസര്‍ഗോഡ്.
ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങിയ ആശ്വാസദിനങ്ങള്‍ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടം തുടങ്ങിയിട്ടും മാറ്റമില്ലാതെ മുന്നോട്ടുപോകുമ്പോള്‍ രോഗബാധയുടെ ദിനങ്ങളിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ആത്മവിശ്വാസം വളര്‍ത്താനും കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ജില്ലയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആകെ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേരും രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ച ഏതാനും പേര് ഉള്‍പ്പെടെ 27 പേര് മാത്രമാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നത്.
ഒരു ഘട്ടത്തില്‍ രാജ്യത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുണ്ടായിരുന്ന ആശുപത്രിയെന്ന പേരുകേട്ട കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ 15 പേര് കൂടി ആശുപത്രി വിട്ടതോടെ ഇനി ഏഴുപേര്‍ മാത്രമാണ് ചികിത്സയില്‍ അവശേഷിക്കുന്നത്.