കാട്ടാക്കട : മലയോരമേഖലയിലെ അനധികൃത വാറ്റ് കേന്ദ്രങ്ങളിൽ വാറ്റ് ചാരായത്തോടൊപ്പം സ്പിരിറ്റും ചേർത്തു വിൽക്കുന്നതായി എക്സൈസിന് സൂചന കിട്ടി. സ്പിരിറ്റിന്റെ വൻ ശേഖരം കാട്ടാക്കട താലൂക്കിന്റെ 5 കേന്ദ്രങ്ങിൽ ഉള്ളതായി അവർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒറ്റശേഖരമംഗലം വട്ടപ്പറമ്പിലെ ചാരായ വിൽപന കേന്ദ്രത്തിലേക്ക് സ്പിരിറ്റ് എത്തിയത് അമ്പൂരി കണ്ടംതിട്ടയിലെന്ന് സൂചന. ഇവിടെ നിന്നും പിടികൂടിയ സജിയെ ചോദ്യം ചെയ്തപ്പോഴാണ് കാട്ടാക്കട എക്സൈസിന് ഈ വിവരം ലഭിച്ചത്.
ലോക്ഡൗൺ കാരണം മദ്യ ഷാപ്പുകൾ അടച്ചിട്ടത് മുതലാക്കിയാണ് സജികുമാർ സ്പിരിറ്റിലുണ്ടാക്കിയ ചാരായ വില്പന കൊഴുപ്പിച്ചത്. ഒരു കുപ്പിക്ക് 1500 മുതൽ 2000 വരെ ഈടാക്കിയിരുന്നു.
എക്സൈസ് സംഘം പിടികൂടിയ സമയത്ത് ഇയാളോട് സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമ്പൂരിയിൽനിന്നാണ് ലഭിച്ചതെന്ന് ഇയാൾ മൊഴി നൽകിയതായി എക്സൈസ് അധികൃതർ പറഞ്ഞു.
അതിർത്തിയിലെ ഇട റോഡുകളിലൂടെ ലോക് ഡൗണിന് മുമ്പും വൻതോതിൽ എത്തിയ സ്പിരിറ്റാണ് മലയോരമേഖല കേന്ദ്രീകരിച്ച് വിറ്റഴിക്കുന്നതെന്നാണ് സൂചന. പലയിടത്തും ചാരായ വില്പനയെ കൂടാതെ വ്യാജമദ്യവും സുലഭമാണ്.
തമിഴ്നാട് ബാറുകളിൽ 500 രൂപ വരെ വിറ്റിരുന്ന ഒരു ലിറ്റർ മദ്യത്തിന് സമാനമായ വ്യാജമദ്യത്തിന്റെ വിതരണവും നടക്കുന്നുണ്ട്. 750 മില്ലിലിറ്ററിന് ഇപ്പോൾ 1000 മുതൽ 1500 വരെയും 375 മില്ലിക്ക് 500 മുതൽ 700 വരെയും ഈടാക്കുന്നുണ്ട്.
ഇതിനുപുറമേ അതിർത്തി കേന്ദ്രീകരിച്ചുള്ള ആൾപ്പാർപ്പില്ലാത്ത പുരയിടങ്ങളിലും വീടുകളിലും ചാരായം വാറ്റും നടക്കുന്നുണ്ട്. വാറ്റിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഒരുകടയിൽ നിന്നു വാ ങ്ങാ തെ പലപ്പോഴായി പല കടകളിൽനിന്നു വാങ്ങുന്നതിനാൽ ഇക്കൂട്ടരെ പിടികൂടാനും സാധിക്കുന്നില്ല.
ചാരായ വാറ്റ് നടക്കുന്നത് അധികവും വെളുപ്പാൻകാലത്തായതിനാൽ മിക്കപ്പോഴും പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടാറില്ല. കോവില്ലൂരിൽ കോടതി വ്യവഹാരത്തിൽ കിടക്കുന്ന വസ്തുവിൽ ചാരായ വാറ്റ് നടന്നശേഷമാണ് വാറ്റുപകരണങ്ങൾ പിടികൂടാനായത്.
കാട്ടാക്കട കിള്ളിയിൽ വർഷങ്ങൾക്ക് മുൻപ് വ്യാജവിദേശമദ്യനിർമ്മാണം നടത്തിയത് എക്സൈസ് പിടികൂടിയിരുന്നു. ഈ സംഘത്തിലെ ഒരാളാണ് അതിർത്തിയിൽ നിന്നും സ്പിരിറ്റ് ഇവിടേയ്ക്ക് എത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മാറനല്ലൂർ, കുറ്റിച്ചൽ, കൊക്കോട്ടേല, ഈഞ്ചപ്പുരി ഭാഗങ്ങളിൽ ഇത്തരം സ്പിരിറ്റ് എത്തിയിട്ടുണ്ട്.